കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ മുൻ മന്ത്രി ഡോ. തോമസ് ഐസക് ഒരു തവണയെങ്കിലും ഹാജരാകണമെന്ന് ഹൈകോടതി. ആരോപണത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുന്നത്. കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമുണ്ടാവില്ല. ഒരിക്കലെങ്കിലും ഹാജരായി പറയാനുള്ളതെല്ലാം പറയാം. ചോദ്യം ചെയ്യലിനുശേഷം നടപടി തുടരേണ്ടതില്ലെങ്കിൽ കേസ് ഉപേക്ഷിക്കുകയാവും ചെയ്യുക. ചില കാര്യങ്ങൾ ചോദിച്ചറിയാൻ മാത്രമാണ് സമൻസ് അയച്ചതെന്നാണ് ഇ.ഡി പറയുന്നത്.
അതിനാൽ, വിവരങ്ങൾ ചോദിച്ചറിയുന്നതല്ലാതെ അറസ്റ്റോ ഭീഷണിയോ ചോദ്യം ചെയ്യലോ ഉണ്ടാവില്ലെന്ന് ഉറപ്പു നൽകാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. വിഡിയോ പ്ലാറ്റ്ഫോമിൽ നടക്കുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്യുന്നതിനാൽ ആശങ്കക്ക് അടിസ്ഥാനമില്ല. സഹാറ, നിഹാരിക കേസുകളിലെ സുപ്രീംകോടതി ഉത്തരവുകൾകൂടി കണക്കിലെടുത്താണ് ഈ നിർദേശം നൽകിയത്. തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് തോമസ് ഐസക്കിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്ത പറഞ്ഞു.
മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ തെളിവ് ശേഖരിക്കാനും മൊഴിയെടുക്കാനുമായി ഇ.ഡി നൽകിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പഴയ കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ഇ.ഡിക്ക് എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്നും കിഫ്ബിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് പി. ദത്താർ ബോധിപ്പിച്ചു.
സമൻസിനെ ഭയക്കാതെ അതിനോട് പ്രതികരിക്കുകയല്ലേ വേണ്ടതെന്ന ചോദ്യത്തിന് മുമ്പ് പലതവണ ഹാജരായതാണെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കലാണ് ലക്ഷ്യമെന്നും കിഫ്ബി സി.ഇ.ഒയുടെ അഭിഭാഷകൻ വാദിച്ചു. സമൻസിനോട് പ്രതികരിക്കുകയാണ് ആദ്യം വേണ്ടതെന്ന് കോടതി ആവർത്തിച്ചു. ഇ.ഡി മുമ്പാകെ ഹാജരാകാനാവുമോ എന്നതിൽ ഐസക് തോമസിനും കിഫ്ബിക്കും നിലപാട് അറിയിക്കാൻ തിങ്കളാഴ്ച വീണ്ടും ഹരജി പരിഗണിക്കും. സമൻസിന്റെ സമയപരിധി ഒരാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.