കൊച്ചി: ലൈഫ് മിഷൻ കേസന്വേഷണം ചോദ്യംചെയ്ത ഹരജി എത്രയുംവേഗം പരിഗണിച്ച് തീർപ്പാക്കണമെന്ന സി.ബി.ഐ ആവശ്യം ഹൈകോടതി തള്ളി.
സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് മൂലം, അന്വേഷണം തടസ്സപ്പെട്ട അവസ്ഥയിലാണെന്നും ഉടൻ വാദം കേൾക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഉപഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളിയത്. എതിർ സത്യവാങ്മൂലം പോലും നൽകാതെ വാദം വേഗത്തിലാക്കാൻ കോടതിയെ സമീപിച്ച സി.ബി.ഐയെ കോടതി രൂക്ഷമായി വിമർശിച്ചു.
സ്റ്റേ പിൻവലിക്കണമെന്ന ആവശ്യത്തിലും കോടതി ഇടപെട്ടില്ല. എതിർ സത്യവാങ്മൂലം സമർപ്പിക്കുകയും കസ്റ്റംസിന് വേണ്ടി അഡീ. സോളിസിറ്റർ ജനറലിന് ഹാജരാകാൻ കഴിയുന്ന സമയം ലഭിക്കുകയും ചെയ്തശേഷം കേസ് വേഗം കേൾക്കാൻ അപേക്ഷ നൽകാനും നിർദേശിച്ചു. ചൊവ്വാഴ്ച ഹരജി പരിഗണനക്കെടുത്തപ്പോൾ വാദത്തിന് തയാറല്ലേയെന്ന് സി.ബി.ഐ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
എന്നാൽ, എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് അറിയിച്ചു. ഹാജരാകാൻ അഡീഷനൽ സോളിസിറ്റർ ജനറലിെൻറ സമയം കിട്ടേണ്ടതുണ്ടെന്നും അറിയിച്ചു. എതിർ സത്യവാങ്മൂലം പോലും നൽകാതെ എന്തിനാണ് നേരേത്ത പരിഗണിക്കാൻ അപേക്ഷ നൽകിയതെന്നായിരുന്നു ചോദ്യം.
എതിർ സത്യവാങ്മൂലം അംഗീകാരത്തിനായി സി.ബി.ഐ ആസ്ഥാനത്തേക്ക് അയച്ചതായി അറിയിച്ച അദ്ദേഹം അഡീ. സോളിസിറ്റർ ജനറലിന് ഹാജരാകാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും അറിയിച്ചു. തുടർന്നാണ് ഇതിന് സി.ബി.ഐക്ക് സമയം നൽകിയ കോടതി, വീണ്ടും അപേക്ഷ നൽകാൻ അവസരം നൽകിയത്.
അതേസമയം, മനോവേദന ഉണ്ടാക്കുന്നതാണ് സി.ബി.ഐ നടപടിയെന്ന് ലൈഫ് മിഷന് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ കെ.വി. വിശ്വനാഥൻ ആരോപിച്ചു. സർക്കാറിനെ അപകീർത്തിപ്പെടുത്താനും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനുമുള്ള ശ്രമമാണ് സി.ബി.ഐ നടത്തുന്നത്. ഹരജി നേരേത്ത കേൾക്കണമെന്ന് ഒക്ടോബർ 16നാണ് സി.ബി.ഐ അപേക്ഷ നൽകിയത്. എതിർ സത്യവാങ്മൂലം തയാറാക്കുകപോലും ചെയ്തിട്ടില്ലെന്ന് അറിഞ്ഞു തന്നെയാണിത്.
അന്വേഷണ ഏജൻസിയിൽനിന്ന് ഇത്തരം നടപടികളല്ല പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ എന്തെങ്കിലും നിഗമനങ്ങൾക്ക് മുതിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന പോരിൽ അകപ്പെട്ട വ്യവസായിയാണ് താനെന്നും ബിസിനസ് തകരുകയാണെന്നും എത്രയുംവേഗം ഹരജി കേൾക്കണമെന്നും യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.