മാന്യതയോടെ പെരുമാറണം: ഗ്രേഡ് എസ്.ഐക്ക് മനുഷ്യാവകാശ കമീഷൻ താക്കീത്

ആലപ്പുഴ: പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന്​ ഗ്രേഡ് എസ്.ഐക്ക് മനുഷ്യാവകാശ കമീഷൻ താക്കീത്. ചേർത്തല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി താക്കീത് നൽകിയത്. മണ്ണഞ്ചേരി സ്വദേശി സി.പി. വിജയകുമാർ പിള്ളയുടെ പരാതിയിലാണ് നടപടി. തനിക്ക് വാഹനാപകടത്തിൽ പരിക്കേറ്റെന്നും ഇടിച്ച വണ്ടി നിർത്താതെ പോയെന്നുമുള്ള പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇടിച്ച വാഹനം ഓടിച്ചയാളിന്റെ ബന്ധുവാണ്​ ഗ്രേഡ് എസ്.ഐയെന്ന്​ പരാതിയിൽ പറയുന്നു. ജില്ല പൊലീസ് മേധാവിയിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. കേസിൽ കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. താൻ എഫ്.ഐ.ആറിന്റെ പകർപ്പിന് അപേക്ഷ നൽകിയപ്പോൾ സമനിലതെറ്റിയ മട്ടിലാണ് എസ്.ഐ പെരുമാറിയതെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. സഭ്യേതരമല്ലാത്ത വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു. പരാതിയുമായി സ്റ്റേഷനിൽ എത്തുന്ന വയോജനങ്ങളോട് ഉദാരമായും അനുഭാവ പൂർണമായും പെരുമാറണമെന്ന് നിരവധി സർക്കാർ ഉത്തരവുകൾ നിലവിലുള്ളതായി കമീഷൻ ഉത്തരവിൽ പറഞ്ഞു. ഇടിച്ച വാഹനങ്ങൾ വിട്ടുകൊടുക്കാൻ ഉദ്യോഗസ്ഥൻ നടപടിയെടുത്തിട്ടില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി എസ്.ഐ കമീഷനെ അറിയിച്ചു. ഇത്തരം സാഹചര്യങ്ങൾ മേലിൽ ആവർത്തിക്കരുതെന്ന്​ കമീഷൻ താക്കീത് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.