ആലപ്പുഴ: മുന്നറിയിപ്പില്ലാതെ ആലപ്പുഴ നഗരസഭയിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മൂന്നരവർഷത്തിലേറെയായി ശുചീകരണ വിഭാഗത്തിൽ 10 സ്ത്രീകളടക്കം 130 പേരെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. രണ്ടുമാസത്തെ ശമ്പളം നൽകാതെയും വാട്സ് ആപ്പിലൂടെ പിരിച്ചുവിട്ട നടപടിക്കെതിരെയും മണിക്കൂറുകളോളം നഗരസഭക്ക് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. തിങ്കളാഴ്ച ഉച്ചവരെ ജോലിചെയ്ത് മടങ്ങിയവർക്കാണ് വൈകീട്ട് വാട്സ് ആപ്പിലൂടെ സന്ദേശമെത്തിയത്.
നഗരസഭയുടെ അഞ്ച് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് ചൊവ്വാഴ്ച മുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന സന്ദേശം അയച്ചത്. വിഷയത്തിൽ നഗരസഭ സെക്രട്ടറിയുടെ ഔദ്യോഗിക വിശദീകരണം തേടാൻ പിരിച്ചുവിട്ട തൊഴിലാളികൾ നഗരസഭയിലേക്ക് കൂട്ടത്തോടെ എത്തുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.30നാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. തൊഴിലാളികളുടെ പ്രതിനിധികൾ സെക്രട്ടറിയുടെ ഓഫിസിന് മുന്നിലെത്തിയെങ്കിലും കാണാൻ കൂട്ടാക്കിയില്ല. കലക്ടറേറ്റിൽ യോഗമുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ തടയാൻ ശ്രമിക്കുകയും ബഹളംവെക്കുകയും ചെയ്തതോടെ പൊലീസും സ്ഥലത്തെത്തി. പിന്നാലെ ജീവനക്കാർ നഗരസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധമുയർത്തി.
രണ്ടുമാസത്തെ ശമ്പളം കിട്ടണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇന്റർവ്യൂ നടത്തി ശുചീകരണ വിഭാഗത്തിലേക്ക് 80പേരെ നിയമിച്ചതോടെയാണ് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രളയകാലത്തും കോവിഡുകാലത്തും ജോലിക്ക് കയറിയവരാണ് ഭൂരിഭാഗവും. ദിവസവേതനം 675 രൂപയാണ്. രാവിലെ ആറ് മുതൽ ഉച്ചവരെയാണ് ജോലിസമയം. മഴക്കാലപൂർവ ശുചീകരണം അടക്കമുള്ള മറ്റ് പ്രവൃത്തികൾ പിന്നെയും നീളാറുണ്ട്. ഇത് ഡബിൾഡ്യൂട്ടിയാക്കി കണക്കാക്കിയാണ് വേതനം നൽകുന്നത്. ഇതിന്റെ തുക കിട്ടാൻ ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണെന്നും ജീവനക്കാർ പറഞ്ഞു.
ആലപ്പുഴ: വർഷങ്ങളായി ജോലിചെയ്ത ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സന്ദേശമെത്തിയത് വാട്സ് ആപ്പിൽ. ആലപ്പുഴ നഗരസഭയിൽ വർഷങ്ങളായി ജോലിചെയ്തവരെയാണ് ഒറ്റസന്ദേശത്തിലൂടെ പിരിച്ചുവിട്ടത്.
ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. സെക്രട്ടറി ഔദ്യോഗികമായി അറിയിക്കേണ്ട കാര്യം ഹെൽത്ത് ഇൻസ്പെക്ടർമാർ മുഖേന നൽകിയതിനെതിരെയും വിമർശനമുണ്ട്.
തിങ്കളാഴ്ച വൈകീട്ട് 5.44ന് ഹെൽത്ത് ഇൻസ്പെക്ടർമാർ അയച്ച വാട്സ് ആപ് സന്ദേശം ഇങ്ങനെ: ‘‘ഡി.എൽ.ആർ/സി.എൽ.ആർ തൊഴിലാളികളുടെ ശ്രദ്ധക്ക്...ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർക്കിളിലെ തൊഴിലാളികൾ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് മെയിൻ ഓഫിസിൽനിന്ന് അറിയിച്ചിരിക്കുന്നു. ആയത് അറിയിക്കുന്നു.
നിങ്ങളുടെ ഓരോരുത്തരുടെയും സേവനം സർക്കിളിന് വളരെ വിലപ്പെട്ടതാണ്. എല്ലാ ജീവനക്കാർക്കും എച്ച്.ഐ എന്ന നിലയിൽ എന്റെയും ജെ.എച്ച്.ഐമാരുടെയും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പുണ്ടായാൽ ഉടൻ അറിയിക്കും.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.