കലവൂർ: ഏഴാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് അധ്യാപകരുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബത്തിന്റെ ആരോപണം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കുളമാക്കിയിലിന് സമീപം അഴിക്കകത്ത് മനോജ്-മീര ദമ്പതികളുടെ മകൻ പ്രജിത്താണ് (13) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചായിരുന്നു സംഭവം. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്. പ്ലസ് വൺ വിദ്യാർഥിയായ മൂത്ത സഹോദരൻ പ്രണവ് സ്കൂൾ കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ പ്രജിത് യൂണിഫോമിൽതന്നെ തൂങ്ങിനിൽക്കുന്നത് കാണുകയായിരുന്നു. മണ്ണഞ്ചേരി പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവസമയം മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്നു. സ്കൂളിൽ കൂട്ടുകാരന് തലകറക്കം ഉണ്ടായപ്പോൾ വെള്ളം എടുക്കാൻ കൂട്ടുകാരനൊപ്പം പ്രജിത് പൈപ്പിന് സമീപത്തേക്ക് പോയിരുന്നുവെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകർ കുട്ടികളെ ക്ലാസിൽ കാണുന്നില്ലെന്ന് മൈക്കിലൂടെ അറിയിച്ചെന്നും കുട്ടികളെ അപമാനിച്ചെന്നും പിതാവ് പരാതിയിൽ ആരോപിക്കുന്നു. അനൗൺസ്മെന്റ് കേട്ട പ്രജിത്തും കൂട്ടുകാരനും ക്ലാസിലേക്ക് ഓടിയെത്തിയെങ്കിലും അധ്യാപകൻ പ്രജിത്തിനെ ശാരീരിക പരിശോധന നടത്തുകയും ചൂരൽകൊണ്ട് തല്ലുകയും ചെയ്തു.
നീയൊക്കെ കഞ്ചാവാണല്ലെ എന്ന് ചോദിച്ച അധ്യാപകൻ മറ്റു അധ്യാപകരെ വിളിച്ചുവരുത്തി കുട്ടിയെ ചോദ്യം ചെയ്യുകയും മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് പരസ്യമായി മർദിക്കുകയുമായിരുന്നു. പേടിച്ചരണ്ട പ്രജിത് സാധാരണയിൽനിന്ന് വ്യത്യസ്തമായി വീട്ടിലേക്ക് വേറെ വഴിയിലൂടെ വരുകയും ജീവനൊടുക്കുകയുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനോജ് മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.