ആലപ്പുഴ: നിർത്തിയിട്ട വിനോദസഞ്ചാര ബോട്ടിന് മുകളിലേക്ക് വൻ മരം കടപുഴകി ബോട്ട് പൂർണമായി തകർന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ബോട്ടുചാലിലേക്ക് മരം വീണതിനാൽ ആലപ്പുഴ ജെട്ടിയിൽനിന്നുള്ള ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് സർവിസുകൾ മണിക്കൂറുകൾ മുടങ്ങി. കോട്ടയം, കുട്ടനാട് ഭാഗത്തേക്കുള്ള സർവിസാണ് മുടങ്ങിയത്. പിന്നീട് മാത ജെട്ടിയിൽനിന്ന് സർവിസ് പുനഃക്രമീകരിച്ചു.
ആലപ്പുഴ തിരുമല പോഞ്ഞിക്കര കന്നിട്ടപ്പറമ്പിൽ അനിരുദ്ധന്റെ ഉടമസ്ഥതയിലുള്ള ‘ബാലമുരുകൻ’ ബോട്ടാണ് തകർന്നത്. വെള്ളിയാഴ്ച രാവിലെ 9.15ന് ഡി.ടി.പി.സി ഓഫിസിന് സമീപമായിരുന്നു സംഭവം. നിറയെ വിദ്യാർഥികളുമായി ജെട്ടിയിലേക്ക് എത്തിയ ജലഗതാഗത വകുപ്പിന്റെ പാറശ്ശേരി-ആലപ്പുഴ ബോട്ട് കടന്നുപോയതിന് പിന്നാലെയാണ് വാക മരത്തിന്റെ ചുവട് ഒടിഞ്ഞ് നിലംപൊത്തിയത്. ആളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തിന് തൊട്ടുമുമ്പ് ബോട്ടിലുണ്ടായിരുന്ന അനിരുദ്ധൻ സമീപത്തെ മറ്റൊരു ബോട്ടിലേക്ക് മാറിയിരുന്നു. ബോട്ടിന്റെ മധ്യഭാഗത്തേക്കാണ് മരം വീണത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ബോട്ട് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.
അഗ്നിരക്ഷാസേന എത്തിയാണ് മുറിച്ചുമാറ്റിയത്. രാവിലെ തുടങ്ങിയ ജോലികൾ ഉച്ചക്കുശേഷമാണ് അവസാനിച്ചത്. പിന്നീടാണ് ജലഗതാഗതം പൂർണരീതിയിൽ പുനരാരംഭിക്കാനായത്. വസ്തു വിറ്റ് അനിരുദ്ധൻ വാങ്ങിയ ബോട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. അറ്റകുറ്റപ്പണിക്ക് 13 ലക്ഷം രൂപയാണ് ചെലവാക്കിയതെന്ന് പറയുന്നു. അതിനുശേഷം ഓടിയത് മൂന്നുദിവസം മാത്രമാണ്. കലക്ടർ ജോൺ വി. സാമുവലും പൊലീസും സ്ഥലത്തെത്തി.
അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദ്, അസി. സ്റ്റേഷൻ ഓഫിസർമാരായ കെ.ആർ. അനിൽകുമാർ, എ.ഡി. പ്രിയധരൻ, ഫയർ ഓഫിസർമാരായ ശശി അഭിലാഷ്, ടി.ജെ. ജിജോ, വി.എ. വിജയ്, വി. പ്രശാന്ത്, പി.ആർ. അനീഷ്, എസ്. കണ്ണൻ, വി. വിനീഷ്, പ്രവീൺ എന്നിവർ മരം മുറിച്ചുമാറ്റലിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.