ആലപ്പുഴ: നഗരത്തിലെ കയർഫാക്ടറിയിലും ഫർണിച്ചർ കടയിലും വൻതീപിടിത്തം. 25ലക്ഷം രൂപയുടെ നാശനഷ്ടം. ആലപ്പുഴ കനാൽ വാർഡിലെ വെള്ളാപ്പള്ളി കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് സഹകരണസംഘം (ക്ലിപ്തം നമ്പർ 346) ഫാക്ടറിയിലും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന എ ആന്‍ഡ് എ ഫർണിച്ചർ കടയിലുമാണ് തീപിടിച്ചത്. സമീപത്തെ ജി.ആർ. സ്റ്റീൽ, ആലപ്പി പ്ലൈവുഡ് എന്നിവയുടെ മേൽക്കൂരക്കും ഭാഗികനാശം നേരിട്ടു. ശനിയാഴ്ച പുലർച്ച 4.30 നായിരുന്നു സംഭവം. ആലപ്പുഴ സക്കരിയ ബസാർ തൈപ്പറമ്പ് ഹഫീസിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ കടയിലെ തടിഉരുപ്പടികളും തടിയുടെ നിർമാണ യന്ത്രങ്ങളും പൂർണമായും കത്തിനശിച്ചു.
വിൽപനക്കായി നിർമിച്ച ജനലുകൾ, വാതിലുകൾ, കസേരകൾ, കട്ടിലുകൾ, അലമാരകൾ, കട്ടിളകൾ എന്നിവ അടക്കമുളള തടി ഉരുപ്പടികളും നശിച്ചു. ഹെവി ഡ്രില്ലർ, പ്ലെയ്നർ, റൂട്ടർ അടക്കം യന്ത്രങ്ങളും നാലുമുറി കടയുടെ ഒരുഭാഗത്തെ മേൽക്കൂരയും പൂർണമായും അഗ്നിക്കിരയായി. ആഞ്ഞിലിയും തേക്കും ഉൾപ്പടെ ഉരുപ്പടികൾ കഴിഞ്ഞദിവസംവരെ കടയോട് ചേർന്നുള്ള റോഡരികിലാണ് ഇട്ടിരുന്നത്. മുഖ്യമന്ത്രിയുടെ നവകേരളസദസ്സുമായി ബന്ധപ്പെട്ട് പൊലീസ് നിർദേശപ്രകാരം കടക്കുള്ളിലേക്ക് മാറ്റിയതിന് പിന്നാലെയുണ്ടായ തീപിടിത്തം വൻനഷ്ടടമുണ്ടാക്കി. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കയർ മാറ്റിങ്സ് ഫാക്ടറിയിലെ ഒരുഭാഗത്ത് സൂക്ഷിച്ചിരുന്ന കയറും ചകിരിയും പൂർണമായും കത്തിനശിച്ചു. ചകിരി അടിക്കുന്ന യന്ത്രവും കെട്ടിടത്തിന്റെ മേൽക്കൂരയും ഭാഗികമായി നശിച്ചു. അഞ്ചുലക്ഷംരൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഫാക്ടറിക്ക് സമീപത്തെ വഴിയിലൂടെ പ്രഭാതസവാരിക്കിറങ്ങിയവരും ഓട്ടോക്കാരുമാണ് ആദ്യം തീപിടിത്തം കണ്ടത്. തുടർന്ന് ആലപ്പുഴ അഗ്നിരക്ഷാസേനയിലും നോർത്ത് പൊലീസിലും വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽനിന്ന് ഏഴ് യൂനിറ്റ് സംഘം നാലുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആലപ്പുഴ അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർമാരായ സിബി വർഗീസ്, കെ.ആർ. അനിൽകുമാർ, ഫയർ ഓഫിസർമാരായ സനൽകുമാർ, വി.എ.വിജയ്, ആർ. രതീഷ്, സി.കെ. സജേഷ്, കെ.ആർ.അനീഷ്, പി.പി.പ്രശാന്ത്, മഹേഷ്, കെ.ബി. ഹാഷി, ഡാനി ജോർജ്, യേശുദാസ്, എസ്. കണ്ണൻ, സുകുലാൽ, ശ്രീജിത്ത്, അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.