ആലപ്പുഴ: പട്ടാപ്പകൽ നഗരഹൃദയത്തിലെ സർക്കാർ ആശുപത്രിയിൽ യുവാവിന് കുത്തേറ്റു. നിരവധി കേസുകളിൽ പ്രതിയായ ആലപ്പുഴ ഇരവുകാട് കിഴക്കേതൈപറമ്പിൽ അനീഷിനാണ് (ഇരവുകാട് വിഷ്ണു-44) കുത്തേറ്റത്. മൂന്ന് വയസുകാരിയായ മകളുടെ മുന്നിൽവെച്ചാണ് സംഭവം.
ബൈക്കിലെത്തിയ അഞ്ചംഗസംഘത്തിന്റെ ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവായ 13കാരനും പരിക്കേറ്റു. വിഷ്ണുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടികടിയേറ്റ മകൾക്ക് വാക്സിൻ എടുക്കാനാണ് ഇവർ ആശുപത്രിയിൽ വന്നത്.
വെള്ളിയാഴ്ച രാവിലെ 11.45ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെ കാരുണ്യമെഡിക്കൽ സ്റ്റോറിന് മുന്നിലായിരുന്നു ആക്രമണം. പ്രതിരോധകുത്തിവെപ്പെടുത്തശേഷം സ്കൂട്ടറിൽ കയറി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവെ അഞ്ചംഗസംഘം കത്തിയുമായി ആശുപത്രി വളപ്പിലേക്ക് ഓടിക്കയറി വിഷ്ണുവിനെ കുത്തുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തിൽ കഴുത്തിനും കൈക്കും നെഞ്ചിലും മുറിവേറ്റ് രക്തംവാർന്നു. ബഹളംകേട്ട് ആശുപത്രി വളപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയതോടെ ആക്രമിസംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടു.
പരിക്കേറ്റ വിഷ്ണുവിനെ ജനറൽ ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമികശുശ്രൂഷനൽകിയശേഷം വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവായ 13കാരനെ മകൾക്കൊപ്പം കൂടെകൂട്ടിയതാണ്.
പുറത്തും കൈക്കും മർദനമേറ്റ കുട്ടിയും ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇരവുകാട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്ലെന്ന് പറയപ്പെടുന്നു. നിരവധി അടിപിടി, കഞ്ചാവ് കേസുകളിൽ വിഷ്ണു പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ളവ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.