ആലപ്പുഴ: ക്വാറികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉൽപന്നങ്ങളുടെ ലഭ്യതക്കുറവും ജില്ലയിലെ ദേശീയപാതയടക്കം റോഡ് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നു. എ.സി റോഡ്, ദേശീയപാത നിർമാണങ്ങൾ പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാകില്ലെന്ന ആശങ്കക്കും കരിങ്കല്ല് ക്ഷാമം ഇടവരുത്തിയിട്ടുണ്ട്. എ.എസ് കനാൽ റോഡ് നിർമാണം മുടങ്ങിയ സ്ഥിതിയാണ്. പാറ ഉൽപന്നങ്ങൾ ലഭിക്കാനില്ലെന്നതിന് പുറമെ സിമന്റ് ഉൾപ്പെടെ മുഴുവൻ നിർമാണ സാമഗ്രികളുടെയും വില വർധിച്ചതും പ്രതിസന്ധിയായെന്ന് കരാറുകാർ പറയുന്നു. ഒരുമാസം കഴിഞ്ഞാൽ മഴക്കാലം എത്തുമെന്നിരിക്കെ നിർമാണത്തിലെ മെല്ലപ്പോക്ക് യാത്രികർക്കും പ്രദേശവാസികൾക്കും ദുരിതമാകും.
ദേശീയപാത വികസനത്തിൽ പാറ ഉൽപന്നങ്ങളുടെ കുറവാണ് നിർമാണത്തെ ബാധിക്കുന്നത്. പ്രധാനമായും കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നാണ് മെറ്റൽ എത്തിക്കുന്നത്. നേരത്തേ തമിഴ്നാട്ടിൽനിന്ന് പാറ ഉൽപന്നങ്ങൾ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മെറ്റൽ ലഭ്യതക്കുറവിനൊപ്പം ചെമ്മണ്ണ് ലഭിക്കാത്തതും ദേശീയപാത വികസനത്തെ ബാധിക്കുന്നു. റോഡ് നിരപ്പാക്കാനാണ് മണ്ണ് വേണ്ടത്. മണ്ണെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്നതിനാൽ മണ്ണെടുക്കാൻ കടമ്പകൾ പലതാണ്.
ആലപ്പുഴ നഗരത്തിൽ എ.എസ് കനാലിന്റെ കിഴക്കേക്കരയിലെ കൊമ്മാടി പാലം-മട്ടാഞ്ചേരി പാലം റോഡ് പൊളിച്ചിട്ട് ഒന്നര മാസമായെങ്കിലും അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം കാരണം നിർമാണം ഇഴയുകയാണ്. നിർമാണ സാമഗ്രികളുടെ വിലവർധനയെ തുടർന്ന് കരാറുകാർ സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ റോയൽറ്റി വർധിപ്പിച്ചതിനെതിരെയും ക്വാറി ഉടമകളുടെ സമരമുണ്ടായി. ഒരടി മെറ്റൽ പാലക്കാട് 28 രൂപക്ക് ലഭിക്കുമ്പോൾ കോട്ടയത്ത് 50 രൂപ നൽകേണ്ടി വരുന്നുവെന്നു കരാറുകാരൻ പറഞ്ഞു. 1.8 കിലോമീറ്റർ വരുന്ന ഈ റോഡ് കൂടി പൂർത്തിയായാൽ മാത്രമേ കൊമ്മാടി പാലം കൊണ്ടു പ്രയോജനമുണ്ടാകൂ. പൊളിച്ച റോഡിൽ 70 ശതമാനം മെറ്റലും നിരത്തി. മെറ്റൽ കിട്ടിയാൽ ടാറിങ് ഉൾപ്പെടെ മൂന്നോ നാലോ ദിവസത്തെ പണിയേ ബാക്കിയുള്ളൂവെന്ന് കരാറുകാരൻ പറഞ്ഞു.
എ.സി റോഡ് നിർമാണത്തിനു കോഴിക്കോട്ടെ ഊരാളുങ്കലിന്റെ ക്രഷർ യൂനിറ്റിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് മെറ്റലും മറ്റും എത്തിക്കുന്നത്. ഓരോ വാഗൺ സ്റ്റോക് എത്തുമ്പോഴും പാറയുടെ നിലവാരം ലാബിൽ പരിശോധിച്ച ശേഷമാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.