ആലപ്പുഴ: സ്വതന്ത്ര സ്ഥാനാർഥികൾ അത്ര സ്വതന്ത്രരല്ലെന്ന സംശയം വോട്ടർമാർക്ക്. വോട്ടെടുപ്പിന് ബൂത്തുകളിൽ സ്വതന്ത്രരുടെ ഏജന്റുമാർ മിക്കയിടത്തും ഉണ്ടായിരുന്നു. മൂന്നു മുന്നണികളുടെയും ബൂത്ത് ഏജന്റുമാർക്ക് പുറമെ പിന്നെയും ഏജന്റുമാരെ കണ്ടാണ് ചില വോട്ടർമാർ ഇവരാരെന്ന് തിരക്കിയത്. സ്വതന്ത്ര സ്ഥാനാർഥികളുടെ ഏജന്റുമാരായി എത്തിയവരാണെന്ന് അപ്പോഴാണ് അറിഞ്ഞത്. വോട്ടു ചോദിച്ച് ഒരാളെ പോലും എവിടെയും കാണാത്ത സ്ഥാനാർഥികൾക്കുപോലും ബൂത്തിൽ ഏജന്റുമാർ നിരന്നിരിക്കുന്നത് കണ്ട് വോട്ടർമാർ അന്തംവിട്ടു.
പിന്നീടാണ് ഗുട്ടൻസ് പലർക്കും പടികിട്ടിയത്. പ്രധാന സ്ഥാനാർഥികൾക്ക് വേണ്ടി പാർട്ടി പ്രവർത്തകർ സ്വതന്ത്രരെ സ്വാധീനിച്ച് ഏജന്റുമാർക്കുള്ള ഫോറം ഒപ്പിടീച്ച് വാങ്ങി അവരുടെ പ്രവർത്തകരെ സ്വതന്ത്രരുടെ ഏജന്റെന്ന പേരിൽ അണിനിരത്തുകയായിരുന്നത്രെ. എതിർ പാർട്ടിക്കാർ കള്ളവോട്ട് ചെയ്യുന്നത് തടയാനാണ് ഇങ്ങനെ പൊടിക്കൈ പ്രയോഗിച്ചത്. ഒരു സ്ഥാനാർഥിക്ക് വേണ്ടി ഒരു ബൂത്ത് ഏജന്റ് മാത്രം ഇരുന്നാൽ അയാൾക്ക് ബൂത്തിലെ എല്ലാ വോട്ടർമാരെയും അറിഞ്ഞെന്ന് വരില്ല.
ഏജന്റായിരിക്കുന്നയാൾക്ക് വലിയ പിടിപാടില്ലാത്ത ഭാഗത്തു നിന്ന് ഒരാൾ കള്ളവോട്ട് ചെയ്യാൻ എത്തിയാൽ ഏജന്റ് തിരിച്ചറിഞ്ഞെന്ന് വരില്ല. അതേസമയം ഒരു ബൂത്തിലെ തന്നെ വ്യത്യസ്ഥ ഭാഗങ്ങളിലുള്ള രണ്ട് ഏജന്റുമാർ ഒരു സമയം ബൂത്തിലിരുന്നാൽ കള്ളവോട്ടിനായി ആരെങ്കിലും എത്തിയാൽ ആർക്കെങ്കിലുംകണ്ട് പിടിക്കാനായെന്ന്വരും. പാർട്ടിക്കാരുടെ ഈ കുത്സിത ബുദ്ധിയുടെ ഭാഗമായാണ് ബൂത്ത് ഏജന്റുമാരുടെ എണ്ണം കൂടിയത്. ബൂത്ത് ഏജന്റുമാരുടെ എണ്ണം കൂട്ടാൻ വേണ്ടി പാർട്ടിക്കാരുടെ സ്പോൺസർഷിപ്പിലാകാം സ്വതന്ത്രർ നാമനിർദേശ പത്രിക കൊടുത്ത് സ്ഥാനാർഥികളായതെന്ന സംശയവും വോട്ടർമാർ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.