അമ്പലപ്പുഴ: ആതുരസേവനരംഗത്ത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തിെൻറ യശസ്സ് ഉയര്‍ത്തിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുന്നേറ്റം. പക്ഷാഘാത ചികിത്സരംഗത്തെ ഡബ്ല്യു.എസ്.ഒ നടത്തിയ പഠനത്തിലാണ് പൊന്‍തൂവല്‍ ചൂടാനായത്. സർക്കാർതലത്തിൽ പക്ഷാഘാത രോഗികൾക്ക് കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
1963ല്‍ തിരുമല ദേവസ്വം രക്ഷാധികാരിയായ കേരള കള്‍ചറല്‍ എജുക്കേഷന്‍ സൊസൈറ്റി രൂപവത്കരിച്ചാണ് ആലപ്പുഴ നഗരത്തില്‍ ആശുപത്രിയും വണ്ടാനത്ത് കോളജിനും തുടക്കമാകുന്നത്. നാഗേന്ദ്ര പ്രഭു പ്രസിഡൻറും വെങ്കിടേശ്വര പ്രഭു സെക്രട്ടറിയുമായ സൊസൈറ്റി ഇതിനായി 145 ഏക്കര്‍ സ്ഥലം കണ്ടെത്തി. 1963 മാര്‍ച്ച് ആറിന് അന്നത്തെ മുഖ്യമന്ത്രി ആര്. ശങ്കര്‍ തറക്കല്ലിട്ട് നിർമാണം ആരംഭിച്ച കോളജില്‍ ആഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിച്ചു. 1967 മുതല്‍ അഞ്ചുവർഷം താൽക്കാലികമായും 1973 ഒക്ടോബര്‍ 23ന് പൂർണമായും ആലപ്പുഴ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു.
കേരളത്തിലെ നാലാമത്തെ മെഡിക്കല്‍ കോളജായി 50 സീറ്റിലായിരുന്നു തുടക്കം. നിലവില്‍ 150 സീറ്റുണ്ട്. കൂടാതെ, എം.ഡി, എം.എസ് പി.ജി കോഴ്സുകള്‍ക്ക് രണ്ട് സീറ്റ് വീതം അനുവദിച്ചു. എം.എല്‍.ടി തുടങ്ങിയ പാരാമെഡിക്കല്‍ കോഴ്സുകളും ആരംഭിച്ചു. ആകെയുള്ള 168 ഏക്കറില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് 53 ഏക്കറിലാണ്.
ആലപ്പുഴ നഗരത്തില്‍നിന്ന് 2005ലാണ് വണ്ടാനത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നത്. ജനുവരിയില്‍ കുട്ടികളുടെയും ത്വക്ക്, മാനസികരോഗ വിഭാഗങ്ങളും വണ്ടാനത്തേക്ക് മാറ്റി.
2007 ല്‍ മെഡിസിന് വിഭാഗവും 2010ല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും വണ്ടാനത്തേക്ക് മാറ്റി. 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 1050 കിടക്കയാണ് ഉള്ളത്. ദിവസവും 1400 രോഗികള്‍ക്ക് കിടത്തിച്ചികിത്സയുണ്ട്. ഒന്ന് മുതല്‍ അഞ്ച് വരെയും 11, 12 വാര്‍ഡുകളും കോവിഡ് ബാധിതർക്ക് മാറ്റി. മുന്നൂറ്റമ്പതിലധികം രോഗികളെയാണ് ഇവിടെ പരിചരിക്കുന്നത്.
ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഏക മെഡിക്കല്‍ കോളജാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി. ഇവിടെ എത്തുന്നതില്‍ അധികവും അപകടത്തിൽപെടുന്നവരാണ്. ഇവരെ അത്യാഹിതത്തില്‍ എത്തിച്ചാല്‍ മതിയായ ചികിത്സകിട്ടാറില്ല. ഉച്ചക്ക് ശേഷം ഡ്യൂട്ടിയില്‍ പ്രധാന ഡോക്ടര്‍മാര്‍ കാണാറില്ല.
പി.ജി, ഹൗസ് സര്ജന്മാരാണ് അത്യാഹിതത്തിലുള്ളത്. ഒടിവും ചതവുമായ പല രോഗികള്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സകിട്ടാതെ വന്നതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടേണ്ടി വന്നിട്ടുണ്ട്. ഡ്യൂട്ടിയില്‍ കൃത്യമായി മെഡിക്കല്‍ ഓഫിസര്‍മാര്‍ കാണാത്തതാണ് പ്രധാന കാരണം.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നവരുടെ പ്രധാന പരാതി ശൗചാലയം ഇല്ലാത്തതാണ്. പണം കൊടുത്ത് ഉപയോഗിക്കുന്ന ശൗചാലയങ്ങളായിരുന്നു ആശ്രയം. കോവിഡിെൻറ തുടക്കത്തില്‍ അടച്ചുപൂട്ടിയ ശൗചാലയങ്ങള്‍ പിന്നീട് ഉപയോഗശൂന്യമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ശൗചാലയങ്ങളോടെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയെങ്കിലും വൈദ്യുതി ബന്ധം ലഭ്യമാകാത്തതിനാല്‍ തുറക്കാനായില്ല.
ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ശൗചാലയത്തില്‍ പോകണമെങ്കില്‍ സ്വകാര്യലോഡ്ജുകളെ ആശ്രയിക്കണം. രോഗികളോടൊപ്പം എത്തുന്നവരാണ് ഏറെ വലയുന്നത്.
ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ചായ കുടിക്കണമെങ്കില്‍ ആശുപത്രിക്ക് പുറത്തുപോകണം. ഇന്ത്യന്‍ കോഫി ഹൗസ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും നിര്‍ത്തി. പിന്നീട് ആശ്രയമായിരുന്ന കാൻറീനും അടച്ചുപൂട്ടി. അമിതവാടകയാണ് കാൻറീന് ഏറ്റെടുത്ത് നടത്താന്‍ ആരും തയാറാകാത്തത്. ദിവസം 20,000 രൂപയായിരുന്നു വാടക. പുറമെ വൈദ്യുതി ചാർജും തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകളും താങ്ങാനാവില്ലെന്നാണ് കരാറുകാരന് പറയുന്നത്.
നിലവില്‍ പുറത്തുള്ള ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമാണ് ഏറെ വലയുന്നത്. ആശുപത്രിക്കുള്ളിലെ കോഫി സ്റ്റാളുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.
അശാസ്ത്രീയ പാര്‍ക്കിങ്
വാഹന പാര്‍ക്കിങ്ങുകളുടെ നിയന്ത്രണം കുടുംബശ്രീകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പാര്‍ക്കിങ്ങിനുള്ള അടിസ്ഥാനസൗകര്യം ആശുപത്രിയൊരുക്കണം. പിരിച്ചുകിട്ടുന്ന തുകയുടെ പകുതി ആശുപത്രിക്കുള്ളതാണ്. എന്നാല്‍, വളപ്പില്‍ പാര്‍ക്ക് ചെയ്യുന്ന മിക്ക വാഹനങ്ങളില്‍നിന്നും പാര്‍ക്കിങ് ഫീസ് ഈടാക്കാറില്ല. വേണ്ടത്ര അടിസ്ഥാനസൗകര്യവുമില്ല.
പേവാര്ഡില്ലാത്ത മെഡിക്കല്‍ കോളജ് ആശുപത്രി
പേ വാര്‍ഡ് ഇല്ലാത്ത ഏക മെഡിക്കല്‍ കോളജ് ആശുപത്രി ആലപ്പുഴയിൽ മാത്രമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ചികിത്സതേടിയെത്തുന്നവര്‍ കൂടുതലും പേവാര്ഡിനെയാണ് ആശ്രയിക്കുന്നത്. ഇതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. വിശ്രമകേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും സ്വകാര്യ ലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്.
കോവിഡ് മരണം വിവാദമായി
അടുത്തിടെ ഏറ്റവും വിവാദമായതാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് വിഭാഗത്തിെൻറ പ്രവര്‍ത്തനം. ഐ.സി.യുവില്‍ രോഗികള്‍ മരിച്ച വിവരം ബന്ധുക്കള്‍ അറിയാതെ പോയതാണ് വിവാദമായത്. കൊറോണ വാര്‍ഡിലും ഐ.സി.യുവിലും പ്രത്യേക നമ്പറുകള്‍ ഉണ്ടെങ്കിലും കിലോമീറ്ററുകള്‍ക്ക് അപ്പുറം നഴ്സിങ് കോളജിലാണ് ഇന്‍ഫര്‍മേഷന്‍ സെൻറര്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍ദിവസം രാത്രിയിലുള്ള രോഗികളുടെ വിവരം പിറ്റേന്ന് രാവിലെ 10നാണ് ഇന്‍ഫര്‍മേഷന്‍ സെൻററില്‍ നല്‍കുന്നത്. രാവിലെ മുതലുള്ള വിവരങ്ങള്‍ രാത്രിയിലും ലഭിക്കും. രാവിലെ 10.30ന് ഒരാള്‍ മരിച്ചാല്‍ വൈകീട്ടോടെയാണ് ഇന്‍ഫര്‍മേഷന്‍ സെൻററില്‍ വിവരം നല്‍കുന്നത്. അത്യാവശ്യകാര്യങ്ങള്‍ പൊലീസ് സംവിധാനത്തിലൂടെ ബന്ധുക്കളെ അറിയിക്കാൻ സംവിധാനം ഇല്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.