ആലപ്പുഴ: നാട്ടിൽ ഇതുവരെ കണ്ട് ശീലിച്ച മത്സരങ്ങൾ പോലൊന്നുമായിരുന്നില്ല എസ്.ഡി കോളജ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ആലപ്പുഴക്കാർ കണ്ട മത്സരം. രാജ്യാന്തര മത്സരങ്ങളിലേതുപോലുള്ള ബാറ്റിങിനും ബൗളിങ്ങിനുമാണ് അവർ സാക്ഷ്യം വഹിച്ചത്. അതോടെ ആലപ്പുഴയുടെ മണ്ണിൽ ആദ്യമായെത്തിയ രഞ്ജി ക്രിക്കറ്റ് വൻ ആവേശമായി മാറി. രാജ്യാന്തര താരം സഞ്ജു സാംസണും ഐ.പി.എൽ താരങ്ങളും തങ്ങളുടെ മണ്ണിൽ ബാറ്റ് വീശുന്നത് ആവേശത്തോടെയും ആരാധനയോടെയുമാണ് ഇവിടത്തുകാർ കണ്ടു നിന്നത്.
രഞ്ജി ട്രോഫിയുടെ ഈ സീസണിലെ ആദ്യ മത്സരത്തിനാണ് ആലപ്പുഴയിലെ പിച്ചിൽ തുടക്കമായത്. കേരള, യു.പി താരങ്ങളുടെ ഏറ്റുമുട്ടൽ ആലപ്പുഴ എസ്.ഡി കോളജ് കെ.സി.എ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാവിലെ 9.30ന് മത്സരം തുടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മോശം കാലാവസ്ഥ മൂലം ഒന്നര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. രാത്രി മുഴുവൻ മഴയായിരുന്നതിനാൽ പിച്ചിൽ ഈർപ്പം ഏറെയായിരുന്നു. രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലുമായിരുന്നു. 11നാണ് മത്സരം തുടങ്ങാനായത്.
ടോസ് നേടിയ യു.പി ടീം ബാറ്റിങ് തെരഞ്ഞെടുത്തു. യു.പി ടീം ക്യാപ്ടൻ ആര്യൻ ജൂയലും സമർ സിങും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. നാലാമത്തെ ഓവർ അവസാനത്തെ ബാളിൽ കേരളത്തിന്റെ എം.ഡി. നിധീഷ് സമർഥ് സിങിന്റെ വിക്കറ്റെടുത്തു. ആദ്യം തണുത്ത നിലയിലായിരുന്ന കാണികളിൽ ഇതോടെ ആവേശമുണർന്നു. പിന്നെ മത്സരത്തിന്റെ ഓരോ ചലനങ്ങൾക്കും ഒപ്പം അവർ കൈയടികളും ആർപ്പുവിളികളുമായി ഒപ്പംകൂടി. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. സ്റ്റേഡിയത്തിന് പവലിയൻ ഇല്ലാത്തതിനാൽ കാണികൾക്ക് ഇരിപ്പിടം കുറവായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സ്റ്റേഡിയത്തിന്റെ മുന്നിൽ ഒരുക്കിയ പന്തലിലാണ് കാണികൾക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയത്. പന്തൽ നിറഞ്ഞ് കവിഞ്ഞതോടെ ഭൂരിഭാഗം പേർക്കും പുറത്ത് നിന്ന് കാണേണ്ടിവന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ വെയിൽ ഉണ്ടായിരുന്നില്ല. അത് കാഴ്ചക്കാർക്ക് അനുഗ്രഹമായി. കാണികൾക്കു സൗജന്യമായി മത്സരം കാണാം.
അന്തർ സംസ്ഥാന മത്സരമാണ് നടക്കുന്നതെങ്കിലും അതനുസരിച്ച് പ്രചാരണങ്ങൾ നടത്തുന്നതിന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് കഴിഞ്ഞിരുന്നില്ല. അതിനാൽ ഇത്തരം മത്സരം ഇവിടെ നടക്കുന്നത് ഏറെപേരും അറിഞ്ഞിരുന്നില്ല. കടുത്ത ക്രിക്കറ്റ് പ്രേമികളായിരുന്നു തടിച്ച് കൂടിയവരിലേറെയും. മത്സരം നടന്ന ഒരു പകൽ മുഴുവൻ നിൽക്കേണ്ട അവസ്ഥയായിരുന്നു കാണികളിൽ ഏറെ പേർക്കും.
പ്രഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യം പോലും സജ്ജമാക്കിയിട്ടുണ്ടായിരുന്നില്ല. നാലുനാൾ നീളുന്ന ടെസ്റ്റ് മത്സരം തിങ്കളാഴ്ച സമാപിക്കും.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്.കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), കൃഷ്ണപ്രസാദ്, ആനന്ദ് കൃഷ്ണൻ, രോഹൻ പ്രേം, സച്ചിൻ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ, ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശ്വർ എ.സുരേഷ്, എം.ഡി.നിധീഷ്, എൻ.പി.ബേസിൽ, വിഷ്ണു രാജ് (വിക്കറ്റ് കീപ്പർ).
യു.പി ടീം: ആര്യൻ ജുയൽ (ക്യാപ്റ്റൻ), മാധവ് കൗശിക്, സമർഥ് സിങ്, കരൺ ശർമ, പ്രിൻസ് യാദവ്, റിങ്കു സിങ്, സമീർ റിസ്വി, ധ്രുവ് ജുറൽ, അക്ഷദീപ് നാഥ്, പ്രിയം ഗാർഗ്, യശ് ദയാൽ, കുൽദീപ് യാദവ്, അങ്കിത് രജ്പുത്, കാർത്തിക് ത്യാഗി, സൗരഭ് കുമാർ. മുൻ ഇന്ത്യൻ ക്രിക്കറ്റർ എം.വെങ്കട്ടരമണയാണ് കേരള ടീമിന്റെ പരിശീലകൻ. മുൻ ഇന്ത്യൻ താരമായ സുനിൽ ജോഷിയാണ് യു.പിയുടെ പരിശീലകൻ. വിക്കറ്റ് കീപ്പർ വിഷ്ണു രാജ് ചെങ്ങന്നൂർ സ്വദേശിയാണെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.