മണ്ണഞ്ചേരി: കോമളപുരത്ത് എസ്.എസ്.എൽ.സി വിദ്യാർഥിനി കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു മരിച്ചതോടെ ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ ട്രാഫിക് സുരക്ഷ സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്കയിൽ.
മണ്ണഞ്ചേരി ഗവ.ഹൈസ്കൂൾ, കോമളപുരത്തെ സ്വകാര്യ ട്യൂഷൻ കേന്ദ്രം ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ എത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നിൽ രാവിലെയും വൈകുന്നേരവും ഗതാഗത നിയന്ത്രണത്തിന് പൊലീസ് സേവനം ഉണ്ടാവാറില്ല.
കോമളപുരത്തെ ട്യൂഷൻ സെന്ററിൽ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ രണ്ടായിരത്തിലധികം വിദ്യാർഥികളുണ്ട്. രാവിലെയും വൈകുന്നേരവും റോഡിൽ തിരക്കേറെയാണ്. മാത്രമല്ല സ്വകാര്യ ബസുകളും ലോറികളും നിരന്തരമായി പോകുന്ന റോഡാണിത്.
ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാവാത്തതിനാൽ നാട്ടുകാരാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്. സ്കൂൾ മതിലിനുള്ളിൽ കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ റോഡരികിലാണ് നൂറുകണക്കിന് സൈക്കിളുകൾ പാർക്ക് ചെയ്യുന്നത്.
ട്യൂഷൻ ക്ലാസിന് എത്തിയ കുട്ടിയാണ് ശനിയാഴ്ച ഉച്ചക്ക് കോമളപുരത്ത് അപകടത്തിൽ മരിച്ചത്. സ്വകാര്യ ബസിൽ നിന്നിറങ്ങി എതിർവശത്തേക്ക് റോഡ് കടക്കവേ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. കുട്ടിയുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് ആലപ്പുഴ നോർത്ത് പൊലീസ് എത്തിയാണ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ചേർത്തല പനവേലിൽ നൗഷാദിന്(54) എതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.