ആലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തോൽവിയെ ചൊല്ലി സി.പി.എമ്മിൽ വാദപ്രതിവാദങ്ങൾ മൂർച്ഛിക്കുന്നു. പാർട്ടി അംഗങ്ങളുടെ വോട്ടുപോലും ചോർന്നുവെന്നാണ് വിലയിരുത്തപെടുന്നത്. ഇങ്ങനെ പോയാൽ ജില്ലയിൽ പാർട്ടിയുടെ ഭാവി അവതാളത്തിലാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇതോടെ ശൈലിമാറ്റം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഭരണവിരുദ്ധ വികാരത്തിനപ്പുറം സംഘടനാ പ്രശ്നങ്ങളും ദയനീയ തോൽവിയിലേക്ക് നയിച്ച ഘടകമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്രവർത്തകർ തമ്മിലുണ്ടായ ചെറിയ വിഷയങ്ങൾ പരിഹരിക്കുന്നതിൽ നേതാക്കൾ കാട്ടിയ അലംഭാവം ഒട്ടേറെ പേരെ പാർട്ടിയിൽനിന്ന് അകറ്റി. പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ട് ചോരുമെന്ന് വ്യക്തമായിരുന്നുവെങ്കിലും അത് പാർട്ടി ഗൗനിച്ചില്ലെന്ന ആക്ഷേപവുമുയരുന്നു.
അടുത്ത കാലത്ത് ഏറ്റവുമധികം പ്രവർത്തകർ പാർട്ടി വിട്ട കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് ഫലത്തിൽ അതിന്റെ പ്രതിഫലനമുണ്ടായില്ല എന്നതാണ് കുറച്ച് ആശ്വാസം പകരുന്നത്. കുട്ടനാട്ടിൽ പാർട്ടി വിട്ടവർ സി.പി.ഐയിലേക്കാണ് പോയത്. അവിടെ സ്ഥാനാർഥി സി.പി.ഐയുടെ അരുൺകുമാറായിരുന്നതിനാൽ സി.പി.എം വിട്ടവരും അരുണിന്റെ വിജയത്തിനായി നിന്നതോടെ അവിടെ എൽ.ഡി.എഫിന്റെ നില മെച്ചപ്പെട്ടു. ബി.ജെ.പിക്കും കുട്ടനാട്ടിൽ കാര്യമായ വോട്ടുവർധന ഉണ്ടായില്ല. 2019ൽ എ.എം. ആരിഫിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് കായംകുളത്തായിരുന്നു. അവിടെ ഇത്തവണ ആരിഫ് മൂന്നാം സ്ഥാനത്തായതോടെ പാർട്ടി വോട്ടുകൾ നഷ്ടമായി എന്ന് വ്യക്തമാണ്. കായംകുളത്ത് മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകരുടെ വോട്ടുകൾ മറുപക്ഷത്തേക്ക് പോയി എന്നാണ് സൂചന. പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരായ അമർഷമാണ് ഇതിനിടയാക്കിയതെന്നും പ്രവർത്തകർ പറയുന്നു.
പത്തിയൂർ പഞ്ചായത്ത് വർഷങ്ങളായി സി.പി.എമ്മാണ് ഭരിക്കുന്നത്. അവിടെപോലും ആരിഫ് വളരെ പിന്നിൽപോയി. അതും പാർട്ടി വോട്ടുകൾ ചോർന്നുവെന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടപെടുന്നു. ബൂത്തുതല വോട്ടുനില പരിശോധിച്ച് വിശദ അവലോകനത്തിന് സി.പി.എം തയാറെടുക്കുകയാണ്. അതോടെ മാത്രമെ വോട്ടുചോർച്ച ഏതെല്ലാം മേഖലയിലാണെന്ന് വ്യക്തമാവൂ. ആരിഫ് മൂന്നാം സ്ഥാനത്തായ ഹരിപ്പാട്, ശോഭ സുരേന്ദ്രനുമായി 110 വോട്ടിന്റെ മാത്രം വ്യത്യാസമുള്ള അമ്പലപ്പുഴ, 191 വോട്ടിന്റെ വ്യത്യാസമുള്ള കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സ്വന്തം പ്രവർത്തകരുടെ പോലും വോട്ടു ചോർന്നതായാണ് കണക്കാക്കുന്നത്. തീരദേശ മേഖല, എസ്.എൻ.ഡി.പി, ദലിത് ഭൂരിപക്ഷ മേഖല തുടങ്ങി എൽ.ഡി.എഫ് എന്നും മുന്നിൽ നിന്നിട്ടുള്ള ബൂത്തുകളിൽ പലതിലും ഇത്തവണ മൂന്നാം സ്ഥാനത്തായി.
ചേർത്തലയിൽ കൊടിമരം വെച്ച വിഷയം, നഗരസഭാ കൗൺസിലർ ശ്രീകുമാറിനെ തിരിച്ചെടുക്കാൻ പാർട്ടി ജില്ല നേതൃത്വം തീരുമാനിച്ചെങ്കിലും നടപ്പാക്കാതിരുന്നത് തുടങ്ങിയവ തിരിച്ചടിയായി. ശ്രീകുമാറും കൂട്ടരും ബി.ജെ.പിയിലേക്കാണ് പോയത്. അതിന്റെ മെച്ചം ബി.ജെ.പിക്ക് അവിടെ ഉണ്ടാകുകയും ചെയ്തു. വെള്ളാപ്പള്ളി നടേശന്റെ ബൂത്തായ ആലപ്പുഴ മണ്ഡലത്തിലെ ഏഴാം നമ്പർ ബൂത്തിൽ ബി.ജെ.പിയാണ് ഒന്നാം സ്ഥാനത്ത്. എൽ.ഡി.എഫോ യു.ഡി.എഫോ അല്ലാതെ ബി.ജെ.പി ഇവിടെ മേൽകൈ നേടിയ അവസരം ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന് പ്രവർത്തകർ കണക്ക് നിരത്തുന്നു. സി.പി.എം അനുഭാവികളായ വനിതകളുടെ വോട്ട് കൂട്ടത്തോടെ ശോഭക്ക് ലഭിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘടനാ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രമ്യമായി പരിഹരിക്കാതെ വാശിയും ഈഗോയും വച്ച് പെരുമാറുന്ന പാർട്ടി ശൈലി തിരുത്തണമെന്ന ആവശ്യവുമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.