ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ചില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.വാർഡ് അഞ്ച് വണ്ടാനം കോതോലിതറ സന്തോഷിന്‍റെ താറാവുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗലക്ഷണം കണ്ടതോടെ താറാവുകളിൽനിന്ന് എടുത്ത സാമ്പിൾ ഭോപാലിലെ ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിൽ അയച്ച് നടത്തിയ പരിശോധനയിലാണ് എച്ച്5എൻ1 രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് മേഖലയിൽ രോഗപ്രതിരോധ നടപടി ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവ് ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ നിർദേശം ലഭിക്കുന്ന മുറക്ക് ഉടന്‍ ആരംഭിക്കും. പഞ്ചായത്തിലെ 14,100 പക്ഷികളെയാണ് നശിപ്പിക്കേണ്ടത്. കള്ളിങ് നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് കലക്ടര്‍ നിർദേശം നല്‍കി.
കള്ളിങ് സംഘത്തിലുള്ളവരെ 10 ദിവസം ക്വാറന്റീന്‍ ചെയ്യാനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു. പ്രഭവകേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പ് വരുത്തണം.
പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, തകഴി, പുറക്കാട്, ചമ്പക്കുളം, നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷികള്‍, മുട്ട, കാഷ്ടം എന്നിവയുടെ വില്‍പനയും കടത്തലും നടക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.