അമ്പലപ്പുഴ: പരിസ്ഥിതിലോല പ്രദേശമായ ആലപ്പുഴയുടെ തീരത്ത് അനിയന്ത്രിതമായി നടക്കുന്ന കരിമണല്‍ ഖനനം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ആലപ്പുഴ കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച തോട്ടപ്പള്ളിയില്‍ അനിശ്ചിതകാല രാപകല്‍
റിലേ സത്യഗ്രഹം ആരംഭിക്കും
കോവിഡ് ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി 200 ഓളം ലോറി ഡ്രൈവർമാരും പ്രൊക്ളൈൻ ഓപറേറ്റര്‍മാരും നിരനിരയായി നിൽക്കുന്നത് ഭീതിപ്പെടുത്തുന്ന കാഴ്ചയാണ്. തോട്ടപ്പള്ളിയുടെ നാലു വാര്‍ഡുകളെ അപകടാവസ്ഥയില്‍ എത്തിച്ച് രണ്ട് കമ്പനികള്‍ നടത്തുന്ന മണല്‍ കൊള്ളക്കെതിരെ ജനവികാരം ഉണര്‍ത്തുവാനാണ് സമരമെന്ന് ഏകോപന സമിതി വ്യക്തമാക്കി.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും കലക്ടര്‍ക്കും നിരവധി നിവേദനങ്ങളും സമര്‍പ്പിച്ചിട്ടും തിരിഞ്ഞുനോക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് സമിതിക്ക് സമര മാര്‍ഗത്തിലേക്ക് പോകേണ്ടിവന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
വലിയഴീക്കല്‍ മുതല്‍ പുന്നപ്ര വരെയുള്ള ജനങ്ങളെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭമാക്കി ഈ സമരത്തെ മാറ്റുമെന്ന് ജനറല്‍ കണ്‍വീനര്‍ ആര്. അര്ജുനന് അറിയിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആര്. പ്രസാദ് സമര പരിപാടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ഭേദമന്യേ എല്ലാ കക്ഷികളെയും സാമുദായിക സന്നദ്ധ സംഘടനകളെയും അണിനിരത്തി നാടിനെ രക്ഷിക്കാനായി നടത്തുന്ന ഈ സമരം വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് സംഘാടക സമതി ചെയര്മാന് എസ്. സുരേഷ്കുമാര്‍ അഭ്യര്‍ഥിച്ചു.
മുൻ എം.പി ഡോ. കെ.എസ്. മനോജ് രക്ഷാധികാരിയും എസ്. സുരേഷ് കുമാർ ചെയർമാനും ബി. ഭദ്രൻ, സുഭദ്രാമ്മ തോട്ടപ്പള്ളി, ഷിജു വിശ്വനാഥൻ, തങ്കച്ചൻ പുന്തല, കെ.ജെ. ഷീല എന്നിവര്‍ വൈസ് ചെയർമാന്മാരും ആർ.അർജുനൻ ജനറൽ കൺവീനറും വി. സി മധു, സുധിലാൽ തൃക്കുന്നപ്പുഴ, ഷിബു പ്രകാശ്, വിപിൻ വിശ്വംഭരൻ, ഡി.എസ് .സദറുദ്ദീൻ , ഗോപകുമാർ, സ്വരാജ് ആറാട്ടുപുഴ, കെ. പി സുബൈദ, എന്നിവര്‍ കൺവീനർമാരായും ഭാരവാഹികളായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചാണ് കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതി പ്രവര്‍ത്തിക്കുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.