അമ്പലപ്പുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഗൃഹനാഥൻ വീടിന് തീയിട്ടു. വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന പൊങ്ങു വള്ളങ്ങളും വലയും കത്തിനശിച്ചു. പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് പുതുവൽവീട്ടിൽ കുഞ്ഞുമോൻ (വിജയൻ - 55) ആണ് മണ്ണെണ്ണയൊഴിച്ച് വീട് കത്തിച്ചത്. അനധികൃത മദ്യവിൽപന നടത്തിയതിനെത്തുടർന്ന് കുഞ്ഞുമോനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായിരുന്നു.
റിമാൻഡ് കാലാവധി കഴിഞ്ഞ് മൂന്നു ദിവസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിന്റെ പേരിൽ വ്യാഴാഴ്ച രാത്രി ഭാര്യയുമായി വഴക്കായി. തുടർന്ന് ഭാര്യയെയും രണ്ട് മക്കളെയും ഇവരുടെ സഹോദരൻ രാത്രിയിലെത്തി പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് രാത്രി 12 ഓടെ കുഞ്ഞുമോൻ വീടിന് തീയിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട് പൂർണമായി കത്തിനശിച്ചു. വീട്ടുപകരണങ്ങളും മറ്റ് രേഖകളും കുട്ടികളുടെ പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും അഗ്നിക്കിരയായി. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇതോടെ സമീപത്തെ ഷെഡും കത്തി.
ഷെഡിൽ സൂക്ഷിച്ചിരുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ സ്വദേശികളായ സൈറസ്, ആൽവിൻ, ഐവാൻ, െബന്നി, പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശികളായ ഗിരിജൻ, മനോജ്, അമ്പലപ്പുഴ സ്വദേശി അനിൽ എന്നിവരുടെ പൊങ്ങുവള്ളങ്ങളും വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളുമാണ് കത്തിനശിച്ചത്. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രണ്ട് മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. ഗൃഹനാഥനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. സംഭവശേഷം കുഞ്ഞുമോൻ ഒളിവിൽ പോയി. പൊങ്ങ് വള്ളം ഉടമകൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. എച്ച്.സലാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, സി.പി.എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.