അമ്പലപ്പുഴ: മത്സ്യബന്ധനത്തിന് പോയ പൊന്തുവള്ളങ്ങൾ ആളില്ലാതെ ഒഴുകിനടന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ പുന്നപ്ര ചള്ളി തീരത്തിന് പടിഞ്ഞാറാണ് മൂന്ന് പൊന്തുവള്ളങ്ങൾ ഒഴുകുന്നത് കരയിൽ നിന്നവരുടെ ശ്രദ്ധയിൽപെട്ടത്. മത്സ്യബന്ധനത്തിനിടയിൽ ശക്തമായ തിരയിൽ പൊന്തുവള്ളങ്ങൾ അപകടത്തിൽപെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ പൊന്തിൽനിന്ന് തെറിച്ചുപോയി.
കടലിൽ വീണ മത്സ്യത്തൊഴിലാളികൾ ചള്ളി തീരത്തിന് തെക്ക് ഭാഗത്തേക്ക് നീന്തുന്നതിനിടയിൽ മറ്റു പൊന്തുകാർ എത്തി കരക്കെത്തിച്ചതിനാൽ ദുരന്തം ഒഴിവായി. മത്സ്യബന്ധനത്തിന് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ നിരോധന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പുലർച്ച കടൽ ശാന്തമായിരുന്നതാണ് പലരും പ്രതീക്ഷയോടെ പൊന്തുകൾ കടലിൽ ഇറക്കിയത്. ആദ്യം പോയവർക്ക് മീൻ കിട്ടിയതറിഞ്ഞ് പിന്നീട് പലരും പൊന്തും വലയുമായി കടലിലിറങ്ങി.
മണിക്കൂറുകൾക്ക് ശേഷം ശക്തമായ കാറ്റും മഴയുമുണ്ടായി. തുടർന്ന് കൂറ്റൻ തിരമാലകൾ തീരത്തേക്ക് ആഞ്ഞടിച്ചു. ശക്തമായ കാറ്റിലും തിരമാലയിലുംപെട്ട് പൊന്തുവള്ളങ്ങൾ മറിഞ്ഞാണ് തൊഴിലാളികൾ വെള്ളത്തിൽ വീണത്. മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനം നടത്തുന്ന വിവരം അറിഞ്ഞ് പുന്നപ്ര പൊലീസും സ്ഥലത്തെത്തി. അതേസമയം, പുന്നപ്ര മുതൽ വാടക്കൽ വരെ കടൽക്ഷോഭം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.