അമ്പലപ്പുഴ: പൊലീസിനും ആഭ്യന്തര വകുപ്പിനും നാണക്കേടായി ജില്ലയിൽ വീണ്ടും ഗുണ്ടകളുടെ ഒത്തുചേരൽ. ചേർത്തലയിലും കായംകുളത്തും ഗുണ്ടകൾ ഒത്തുചേർന്നതിന് പിന്നാലെയാണ് പുന്നപ്രയിലും കൂട്ടംചേർന്നത്. കാപ്പപ്രതിയുടെ ജന്മദിനാഘോഷചടങ്ങില്‍ പങ്കെടുക്കാനാണ് മറ്റ് ജില്ലകളില്‍നിന്നുള്ള 18 പേരടക്കം 35 ഓളം ക്വട്ടേഷന്‍ സംഘം എത്തിയത്. മുന്തിയ ഇനം വാഹനങ്ങളില്‍ പുന്നപ്രയില്‍ രാവിലെ എത്തിയ സംഘം മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് പുന്നപ്ര പൊലീസ് വിവരമറിയുന്നത്.
പുന്നപ്ര കളിത്തട്ടിന് പടിഞ്ഞാറുള്ള ഷിയാസ് (ഡെപ്പി) എന്നയാളുടെ ജന്മദിന പരിപാടിയില്‍ പങ്കെടുക്കാനാണ് സംഘം എത്തിയത്. ജയിലില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടതെന്നാണ് പറയുന്നത്. കഴിഞ്ഞ 23 നായിരുന്നു ഷിയാസിന്റെ ജന്മദിനം. എന്നാല്‍ അതിന്റെ പേരില്‍ മറ്റേതെങ്കിലും ക്വട്ടേഷന്‍ ആക്രമണത്തിനുള്ള പദ്ധതി തീരുമാനിക്കാനുള്ള കൂടിക്കാഴ്ചയാണെന്നും സംശയമുണ്ട്. അങ്കമാലി സജിത്ത്, പെരുമ്പാവൂര്‍ നോബിൾ എന്നിവരടങ്ങിയ സംഘമാണ് ഒത്തുകൂടിയത്. ജയില്‍ ശിക്ഷ കഴിഞ്ഞ് ഷിയാസ് അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും അതിനുശേഷമാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്നുമാണ് പറയുന്നത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടിക്കരി പാടശേഖരത്തിന്റെ പുറംബണ്ടില്‍ ഇവർ ഒത്തുകൂടിയ വിവരം പുന്നപ്ര പൊലീസ് അറിഞ്ഞിരുന്നില്ല. നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതോടെ പൊലീസ് എത്തിയപ്പോഴേക്കും സംഘം പലവഴി തിരിഞ്ഞു. സംഘം ഒത്തുകൂടിയതിന്റെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
കഴിഞ്ഞ ദിവസം കായംകുളത്ത് സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നുമുള്ള ക്വട്ടേഷന്‍ സംഘങ്ങൾ ഒത്തുകുടിയിരുന്നു. ഇവിടെ പൊലീസ് എത്തി ചിലരെ പിടികൂടിയിരുന്നു. ഒരുമാസം മുമ്പ് ചേർത്തലയിലും ഗുണ്ട സംഗമം നടന്നിരുന്നു. ഇത് അറിഞ്ഞില്ല എന്നാണ് പൊലീസ് പറയുന്നത്. ജില്ലയിൽ അടിക്കടി ഗുണ്ട സംഗമം നടക്കുന്നത് ഇവിടം സുരക്ഷിത സ്ഥലമായതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊലീസിലെ ചില ഉന്നതരുടെ താങ്ങും തണലും ലഭിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഗുണ്ടകൾ ജില്ലയിലെ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന ആക്ഷേപവുമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.