അമ്പലപ്പുഴ: ജന്മന വിധി അറിവിെൻറ വാതായനം കൊട്ടിയടച്ച പെണ്‍കുട്ടിയെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ അഞ്ജനക്ക് പരിമിതികളെ തോല്പിച്ച് എസ്.എസ്.എല്‍.സിക്ക് ഉന്നത വിജയം. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നീർക്കുന്നം പടിഞ്ഞാറെക്കരയിൽ അനിയൻകുഞ്ഞ്-അനിയമ്മ ദമ്പതികളുടെ മകൾ അഞ്ജനക്കാണ് 'ഇരട്ട വിജയത്തിെൻറ' അപൂർവ ഭാഗ്യം ലഭിച്ചത്.
പുന്നപ്ര അറവുകാട് ഹൈസ്കൂളിൽ കഴിഞ്ഞവർഷം ഒമ്പതാംക്ലാസിൽ പഠിക്കുമ്പോഴാണ് അഞ്ജന മറ്റൊരു കുട്ടിക്കായി ആദ്യം എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. മാനസിക വൈകല്യമുള്ള പെൺകുട്ടിക്കുവേണ്ടി വാർഷിക പരീക്ഷയെഴുതാൻ അധ്യാപകർ കണ്ടെത്തിയത് പഠനത്തിൽ മിടുക്കിയായ അഞ്ജനെയായിരുന്നു.
എസ്.എസ്.എൽ.സിയുടെ പ്രധാന പാഠഭാഗങ്ങൾ പഠിപ്പിക്കാൻ അഞ്ജനക്കായി പ്രത്യേകം ക്ലാസുകളും അധ്യാപകർ ഒരുക്കി. മൂന്ന് എ പ്ലസ് ഉൾപ്പെടെ മികച്ച വിജയം ആ കുട്ടിക്ക് ലഭിച്ചു. അഞ്ജനക്ക് അന്ന് അധ്യാപകര്‍ പ്രത്യേക അംഗീകാരം നല്കി. ഇത്തവണ എസ്.എസ്.എൽ.സിക്കാരിയായ അഞ്ജനക്ക് പരീക്ഷക്ക് തയാറെടുക്കുന്നതിന് പരിമിതികള്‍ ഏറെയായിരുന്നു. മത്സ്യ അനുബന്ധ തൊഴിലാളിയായ അനിയന്‍കുഞ്ഞിന് മകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ വാങ്ങാന്‍പോലും കഴിഞ്ഞില്ല. വീട്ടിലെ പരിമിതികള്‍ കണ്ടറിഞ്ഞ അഞ്ജന ബന്ധുവിെൻറ മൊബൈല്‍ ഉപയോഗിച്ചാണ് പരീക്ഷക്ക് തയാറെടുത്തത്. ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായി. രണ്ടുതവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതി അപൂർവ നേട്ടം ലഭിച്ച സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി. സഹോദരി അഞ്ജലി ആരോഗ്യപ്രവര്‍ത്തകയും സഹോദരന് വിഷ്ണു ഐ.ടി.ഐ വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.