അമ്പലപ്പുഴ: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ആര്.ഒ പ്ലാന്റ് നോക്കുകുത്തിയാകുന്നു. തകഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് പടഹാരത്താണ് രണ്ടുവര്‍ഷമായി ആര്.ഒ പ്ലാന്റ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്.
2014 ജനുവരി 24നാണ് പ്രദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് 500 ലിറ്റര്‍ സംഭരണശേഷിയുള്ള ആര്.ഒ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത്. കുടിവെള്ള ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ഇതിന് പരിഹാരം കാണാനായാണ് ആര്.ഒ പ്ലാന്റ് സ്ഥാപിച്ചത്. ഒരു ലിറ്ററിന് ഒരുരൂപ നിരക്കിലായിരുന്നു കുടിവെള്ളം വിതരണം ചെയ്തിരുന്നത്. പ്ലാന്റിന്റെ നടത്തിപ്പിന്റെ ചുമതല സ്വകാര്യ വ്യക്തിക്കായിരുന്നു. പ്രതിദിനം നിരവധി പേരാണ് ഇതിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് മോട്ടോറിന്റെ സാങ്കേതിക തകരാറു മൂലം പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ നാട്ടുകാര്‍ വലഞ്ഞു.
ആര്.ഒ പ്ലാന്റ് ഇപ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ മദ്യപാനികളുടെ കേന്ദ്രമായിരിക്കുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച യന്ത്രങ്ങള്‍ തുരുമ്പുപിടിച്ച് പ്രവര്‍ത്തനയോഗ്യമല്ലാതായി. പ്ലാന്റ് പ്രവര്‍ത്തനയോഗ്യമാക്കി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പഞ്ചായത്തിന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രാമസഭയിലടക്കം ഈ വിഷയം ഉന്നയിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തൊട്ടടുത്ത വാര്‍ഡില്‍ സ്വകാര്യവ്യക്തി നടത്തുന്ന ആര്.ഒ പ്ലാന്റുണ്ട്. സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റാണിത്. ഇവരെ സഹായിക്കാനാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ സ്ഥാപിച്ച പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
നിലവില്‍ കുടിവെള്ളത്തിനായി സ്വകാര്യ ആര്.ഒ പ്ലാന്റിനെയും കുപ്പിവെള്ളവുമാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. പൊതുടാപ്പുണ്ടെങ്കിലും പലപ്പോഴും വെള്ളം കിട്ടാറില്ല. കിട്ടുന്ന വെള്ളം കുടിക്കാന്‍ പറ്റുന്നതല്ലെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.