കാക്കാഴം അപകടം; വില്ലന്‍ മേല്‍പാലത്തിലെ കുഴികളോ ?

അമ്പലപ്പുഴ: കാക്കാഴം അപകടത്തിൽ വില്ലനായത് മേല്‍പാലത്തിലെ കുഴികളെന്ന് സംശയം. കുഴികള്‍ കണ്ട് വെട്ടിച്ചതാണോ, ഉറക്കം കണ്ണുകളെ കീഴ്പ്പെടുത്തിയതാണോ കാരണമെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. മേൽപാലത്തിലെ കുഴികൾ തന്നെയാണ് പലപ്പോഴും അപകടങ്ങളിൽ വില്ലനാകാറുള്ളത്.

എത്ര അറ്റകുറ്റപ്പണി നടത്തിയാലും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും വലുതാകുന്ന കുഴികൾ നിരവധി ജീവനുകളാണ് എടുത്തിട്ടുള്ളത്. 750 മീറ്ററോളം നീളമുള്ള മേൽപാലത്തിൽ പലയിടങ്ങളിലായി ഗർത്തങ്ങൾക്ക് സമാനമായ കുഴികളാണുള്ളത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഈ കുഴികളിൽപ്പെട്ട് വലയുന്നത്. പല ദിവസങ്ങളിലും ഇവിടത്തെ വഴി വിളക്കുകളും തെളിയാറില്ല.അപകട സമയം മേൽപാലത്തിലെ 60 ഓളം വഴിവിളക്കുകൾ കണ്ണടച്ച നിലയിലായിരുന്നു.

കൂറ്റൻ കണ്ടെയ്നറുകൾ അടക്കം സഞ്ചരിക്കുന്ന മേൽപാലത്തിന്‍റെ ബലക്ഷയം പരിശോധിക്കാൻ ബന്ധപ്പെട്ടവർ ഇനിയും തയാറായിട്ടില്ല. അമിതവേഗത്തിലെത്തിയ കാർ പാലത്തിന്‍റെ വടക്കേ ഇറക്കത്തിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റി അരികയറ്റി വന്ന ലോറിയിലേക്ക് ഇടിച്ചു കയറിയതാകാമെന്നാണ് സംഭവസ്ഥലത്ത് ആദ്യം ഓടി എത്തിയവരുടെ നിഗമനം. ആറ് മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളാണ് വീണ്ടും പൊളിഞ്ഞ് ഗർത്തമായത്. പാലത്തിന്‍റെ കൈവരികളും പല ഭാഗങ്ങളും പഴകി ദ്രവിച്ച നിലയിലാണ്.

ഒരു ദുരന്തം ഉണ്ടാകുമ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ അശാസ്ത്രീയ തട്ടിക്കൂട്ട് നിർമാണം നടത്തുകയാണ് പതിവെന്നാണ് പരാതി. വലിയ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റിയിരുന്നു. പാലത്തിന്‍റെ വടക്കേ ഇറക്കത്തിന് അരികിൽ രൂപപ്പെട്ട വിള്ളൽ അടക്കാത്തതും മരണക്കെണിയായി. അശാസ്ത്രീയമായ കുഴിയടപ്പാണ് ഇടക്കിടെ റോഡ് പൊട്ടിപ്പൊളിയാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ഇന്നലെ ദുരന്തത്തിന് മുമ്പ് ചെറുതും വലുതുമായ നിരവധി അപകടങ്ങൾ കാക്കാഴം മേൽപാലത്തിൽ ഉണ്ടായി.

Tags:    
News Summary - Kakkazham accident; Patholes in Flyover may be the reason for accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.