അമ്പലപ്പുഴ: മമ്മൂട്ടിയുടെ കനിവിൽ ഇനി കുഞ്ഞ് അമീറക്ക് വർണങ്ങൾ ചാലിച്ച ലോകം കാണാം. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പറവൂർ വാളത്താറ്റുമഠം വീട്ടിൽ സിദ്ദീഖ്- കാവ്യ ദമ്പതികളുടെ മകൾ മൂന്ന് വയസ്സുകാരി അമീറക്കാണ് ലോക കാഴ്ചദിനത്തിൽ മമ്മൂട്ടിയുടെ സഹായത്താൽ പ്രകാശത്തിലേക്ക് മിഴി തുറക്കാനായത്.
ദമ്പതികളുടെ മൂന്നാമത്തെ മകളായ അമീറക്ക് ജന്മനാ കാഴ്ചശക്തിയില്ലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയടക്കം പല സർക്കാർ ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും മധുരയിലെ നേത്രാശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
എന്നാൽ, ഇതിന് ആവശ്യമായി വരുന്ന വൻ തുക കണ്ടെത്താനാവാത്ത ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സാമൂഹിക പ്രവർത്തകരായ വാഹിദ് മാവുങ്കൽ, നിസാർ വെള്ളാപ്പള്ളി തുടങ്ങിയവർ വാർത്തകൾ മമ്മൂട്ടിയുടെ ഓഫിസിന് കൈമാറുകയായിരുന്നു. ഇതേ തുടർന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ച് നടപ്പാക്കുന്ന കാഴ്ച പദ്ധതിയിലേക്ക് അമീറയുടെ ചികിത്സ മാറ്റാൻ നിർദേശിച്ച മമ്മൂട്ടി തുടർചികിത്സക്ക് ആവശ്യമായതെല്ലാം ലഭ്യമാക്കി. കാഴ്ച തിരിച്ചുകിട്ടിയ അമീറ വ്യാഴാഴ്ച ആശുപത്രി വിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.