അമ്പലപ്പുഴ: ചാകരയുടെ ശാസ്ത്രീയ പഠനം, സംരക്ഷണം, ചാകരയിൽനിന്നുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് അളക്കുക എന്നീ ലക്ഷ്യങ്ങളോടെ പുറക്കാട് കടലിൽ പരിസ്ഥിതി മാപിനി. കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിയിലെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് കേന്ദ്ര ഭൗമ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ പുറക്കാട് പഴയങ്ങാടിക്ക് പടിഞ്ഞാറ് അഞ്ചു കിലോമീറ്റർ അകലെ കടലിൽ മാപിനി സ്ഥാപിച്ചത്. ഇതിൽനിന്ന് സന്ദേശങ്ങൾ സമുദ്ര ഗവേഷണ കേന്ദ്രത്തിൽ ലഭിച്ചുതുടങ്ങി. മാപിനിയിലെ സെൻസറിൽനിന്നുള്ള വിവരങ്ങൾ ജി.പി.എസ് സംവിധാനം വഴിയാണ് അയക്കുക. ദിവസവും നാലു മണിക്കൂർ കൂടുമ്പോൾ വിവരങ്ങൾ കിട്ടും വിധമാണ് ക്രമീകരണം.
ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഇൻചാർജ് സയന്റിസ്റ്റ് ഡോ. ദിനേശ്കുമാർ, സീനിയർ സയന്റിസ്റ്റ് ഡോ. ടി.ആർ. ഗിരീഷ്കുമാർ, പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ.ആർ. മുരളീധരൻ, സയന്റിസ്റ്റ് അബ്ദുൽ ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് മാപിനി സ്ഥാപിച്ചത്.
മീൻപിടിത്ത ബോട്ടിൽ കടൽ മാർഗം പുറക്കാട് എത്തിച്ച മാപിനി സ്ഥാപിക്കുന്ന ജോലി ഏഴു മണിക്കൂർകൊണ്ടാണ് പൂർത്തിയാക്കിയത്. ബ്രിട്ടീഷ് കമ്പനിയാണ് മാപിനി നിർമിച്ചത്. കടലിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി മാപിനിയിലൂടെ മുൻകൂട്ടി അറിയാം. മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെടുന്നത് കുറക്കാൻ ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തൽ.
മൺസൂൺ കാലത്ത് തീരക്കടലിൽ ഒഴുകുന്ന ചളി (മട്ടി) വളരെ നീളത്തിൽ കടലിൽ ചില ഭാഗങ്ങളിൽ അടിയാറുണ്ട്. കടൽ ശാന്തമാകുന്ന ഈ ഭാഗങ്ങളിൽ മീൻപിടിത്ത യാനങ്ങൾക്ക് നങ്കൂരമിടാൻ പ്രയാസമില്ല. ഇവിടെനിന്ന് കൂടുതൽ മീൻ ലഭിക്കാറുമുണ്ട്. ഈ പ്രതിഭാസമാണ് ചാകര. ജില്ലയിൽ ആറാട്ടുപുഴ മുതൽ കാട്ടൂർവരെ തീരക്കടലിലും തൃശൂർ ജില്ലയിലെ നാട്ടികയിലുമാണ് മൺസൂൺ കാലത്ത് ചാകര കൂടുതലായും കണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.