അമ്പലപ്പുഴ: പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണോദ്ഘാടന പരിപാടിയുടെ വിശദീകരണത്തില്‍ നിന്ന് തന്റെ പേരൊഴിവാക്കിയതില്‍ കുറ്റപ്പെടുത്തി മുന്‍ മന്ത്രി ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമിനെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പ്. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി.ടി.എ പ്രസിഡന്റ് എന്നിവരെയും വിമർശിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇവിടെ നിയമസഭാ അംഗവും മന്ത്രിയുമായിരുന്ന താന്‍ നിർദേശിച്ച് അനുവദിച്ചതാണെന്നത് പ്രോഗ്രാമിൽ ഉള്‍പ്പെടുത്തേണ്ടത് പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും പി.ടി.എ പ്രസിഡന്റുമാണെന്നും ഇപ്പോഴത്തെ ജനപ്രതിനിധികൾ അത് ചൂണ്ടിക്കാണിക്കേണ്ടതാണെന്നും അതുണ്ടായില്ലെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഇന്നത്തെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ പുതിയവര്‍ വരുമ്പോൾ ഇത്തരത്തില്‍ ആവർത്തിക്കാനിടയുണ്ട്. അങ്ങനെ ഉണ്ടാവാൻ പാടില്ലെന്നും അത് ഭരണപരമായ കുറവാണെന്നും ആരോപിച്ചു. 2020 -2021 കാലയളവിൽ 17 കോടിയോളം രൂപ മുടക്കിയാണ് മണ്ഡലത്തിലെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. നിർമാണത്തിന് വിജയാശംസകളും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.