അമ്പലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായ കാനനിര്‍മാണം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. രണ്ട് മീറ്റോളം ഉയരത്തിലാണ് കാന നിര്‍മാണം നടക്കുന്നത്. ഇതോടെ കച്ചവടക്കാരും പ്രതിന്ധിയിലായിരിക്കുകയാണ്.
വീട്ടിൽനിന്ന് പുറത്തിറങ്ങുവാനാകാതെ കുഴങ്ങുകയാണ് പ്രദേശവാസികൾ. പഞ്ചായത്ത് റോഡിന് കുറുകെ അപ്രോച്ച് റോഡ് നിർമിക്കാതെ കാന നിർമിച്ചതിനാല് ദേശീയ പാതയിലെത്താൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തുള്ളവരുടെ ഇരുചക്രവാഹനം അടക്കമുള്ളവ പുറത്തേക്കിറക്കുവാനോ അകത്തേക്ക് കയറ്റുവാനോ കഴിയാതായിട്ട് രണ്ടാഴ്ചയിലധികമായി.
ദേശീയപാതയുടെ പുതിയ സർവിസ് റോഡിലേക്ക് ഗ്രാമപാതകളിൽ നിന്നടക്കം അപ്രോച്ച് റോഡ് നിർമിക്കണമെന്ന പദ്ധതി രേഖയിൽ പറയുന്നുണ്ടെങ്കിലും ദേശീയപാത പുനർനിർമാണം ഏറ്റെടുത്ത കരാർ കമ്പനി അതിന് തയാറാവാത്തതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. അറുന്നൂറ്റി അമ്പതിലധികം കുട്ടികൾ പഠിക്കുന്ന പുന്നപ്ര ഗവ. ജെ.ബി സ്കൂളിലെയും, എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന പുന്നപ്ര യു.പി സ്കൂളിലെയും സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കും ടെസ്റ്റ് നടത്തുന്നതടക്കമുള്ള ആവശ്യങ്ങൾക്കുമായി പുറത്തിറക്കുവാനും കഴിയാത്ത സ്ഥിതിയിലാണ്.
ഇത് സംബന്ധിച്ച് എച്ച്.സലാം എം.എൽ.എക്ക് പരാതി നൾകി പ്രശ്ന പരിഹാരത്തിനായി കാത്തിരിക്കുകയാണ് ജെ.ബി സ്കൂൾ അധികൃതർ. എം.എൽ.എ, എം.പി, കലക്ടർ, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികളും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.