അമ്പലപ്പുഴ: അത്യാസന്ന രോഗികളുമായി ദേശീയപാതയിലൂടെ പോയാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും ജീവൻ അപകടത്തിലാകും. പുന്നപ്ര വാട്ടർവർക്സ് മുതൽ പുന്നപ്ര മാർക്കറ്റ് ജങ്ഷൻ വരെ സർവിസ് റോഡിലൂടെ വേണം വാഹനങ്ങൾ കടന്നുപോകാൻ.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ ഹൈവേ പൊളിച്ച് ഉയരം കൂട്ടുന്നതിന്റെ ഭാഗമായാണ് ഇരുവശത്തെയും സർവിസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. സർവിസ് റോഡ് കാര്യക്ഷമമായി നിർമാക്കാത്തതിനാൽ മഴ തുടങ്ങിയതോടെ പൊളിഞ്ഞ് കുഴികളായി. കുഴിയിൽ അകപ്പെടുന്ന വാഹനങ്ങൾ റോഡിൽ കിടന്നാൽ ഗതാഗതം തടസ്സപ്പെടുന്നതും പതിവ് കാഴ്ചയാണ്. വാട്ടർവർക്സ് മുതൽ പുന്ന പ്രമാർക്കറ്റ് ജങ്ഷൻ വരെ വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങുന്നത്. ഇടവിട്ടുള്ള ചളിക്കുണ്ടുകളും ആഴമേറിയ കുഴികളും കാരണം അത്യാസന്ന നിലയിലെത്തിയ രോഗികളുമായി പോകുന്ന ആംബുലൻസ് റോഡിൽ കുടുങ്ങും.
റോഡിൽ നിറയെ കുഴികളായതിനാൽ വേഗത്തിൽ ആംബുലൻസ് ഓടിക്കാനുമാവില്ല. വഴിപരിചയമുള്ള ആംബുലൻസ് ഡ്രൈവർമാർക്ക് റോഡിന്റെ ശോച്യാവസ്ഥ അറിയാവുന്നതിനാൽ പഴയനടക്കാവ് റോഡിലൂടെയാണ് രോഗികളെയും കൊണ്ട് പോകുന്നത്. മറ്റ് ജില്ലകളിൽനിന്നും രോഗികളുമായെത്തുന്നവരാണ് ദുരിതത്തിലാകുന്നത്. മഴ പെയ്താൽ വണ്ടാനം മെഡിക്കൽ കോളജ് മുതൽ ആശുപത്രിയുടെ പ്രധാന കവാടം വരെ ദേശീയപാത വെള്ളത്തിൽ മുങ്ങും. ഇവിടെയും വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങുന്നത്. ദേശീയപാതയുടെ കിഴക്ക് ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള ഇരുചക്ര വാഹനയാത്രികരുടെ അവസ്ഥയാണ് കൂടുതൽ പരിതാപകരം. സ്കൂളുകൾ തുറന്നാൽ കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്ക് തടസ്സം നേരിടാനും സാധ്യതയേറെയാണ്. സ്കൂൾ തുറക്കുന്നതിന് മുമ്പ് സർവിസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. പുന്നപ്ര പൊലീസ് സ്റ്റേഷന് മുതല്‍ കുറവന്തോട് ജങ്ഷന് വരെയുള്ള സര്‍വിസ് റോഡുകള്‍ ഉയര്‍ത്തിയെങ്കിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇവിടെ ദേശീയപാതക്ക് വീതി കുറവായതിനാലും വാഹനങ്ങള്‍ നിരങ്ങിയാണ് നീങ്ങുന്നത്. ദേശീയപാത അതോറിറ്റി യാത്രക്കാരെ ഇത്രയേറെ ദുരിതത്തിലാക്കിയിട്ടും രാഷ്ട്രീയ പാർട്ടികളോ ജനപ്രതിനിധികളോ കണ്ടഭാവം നടിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.