ഡോ​ൺ ബോ​സ്​​കോ വ​ര്‍ഗീ​സ്

വിധി തനിച്ചാക്കി, തെരുവില്‍ അലയേണ്ടിവന്ന പ്രവാസിക്ക് അഭയമൊരുക്കി പുന്നപ്ര ശാന്തിഭവന്‍

അമ്പലപ്പുഴ: ജീവിതത്തിൽ ഒറ്റക്കായതിന്‍റെ ദുരന്ത ഓര്‍മകള്‍ വേട്ടയാടുന്നതിനിടെ കിടപ്പാടവും വില്‍ക്കേണ്ടിവന്ന പ്രവാസിക്ക് പുന്നപ്ര ശാന്തിഭവന്‍ അഭയം നല്‍കി. മങ്കൊമ്പ് തെക്കേ കരമാമൂട്ടിൽ ഡോൺ ബോസ്കോ വർഗീസിനെയാണ് (72) വിധി തെരുവിലേക്ക് തള്ളിവിട്ടത്.

1994 മുതലാണ് ഡോൺ ബോസ്കോ വർഗീസിനെ വിധി വേട്ടയാടാന്‍ തുടങ്ങിയത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ഡോൺ ബോസ്കോ വർഗീസ് അബൂദബിയിൽ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും മക്കളും ഒപ്പം അബൂദബിയിലെ കമ്പനി ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം.

ഒരു ഒഴിവുദിവസം ഇവർ കാറിൽ യാത്ര ചെയ്യുമ്പോൾ ഷഹാമയില്‍ വെച്ച് എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഭാര്യ മാർഗരറ്റും മക്കളായ ഷിബു, സുരേഷ്, രേണുക എന്നിവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഏഴു വയസ്സ് മാത്രം പ്രായമുള്ള മകൾ രേണുക മടിയിൽക്കിടന്ന് മരിച്ച സംഭവം വിവരിച്ചപ്പോൾ വയോധികന്‍റെ കണ്ണില്‍ ഈറനണിഞ്ഞു.

ആ ദുരന്തത്തിൽ ഡോൺ ബോസ്കോക്ക് മാത്രം ജീവൻ തിരിച്ചുകിട്ടി. അബൂദബിയിലെ നിയമക്കുരുക്കിൽ മറ്റ് ആനുകൂല്യങ്ങൾ ഒന്നുംതന്നെ ലഭിച്ചതുമില്ല. ഉറ്റവരുടെ മൃതദേഹവുമായി നാട്ടിലേക്കുവന്നതിനു ശേഷം ഡോൺ ബോസ്കോ വർഗീസ് പ്രവാസ ജീവിതം അവസാനിപ്പിച്ചു.

മങ്കൊമ്പിലെ കുടുംബവീട്ടില്‍ തനിച്ചായിരുന്നു താമസം. രണ്ട് സഹോദരന്മാർ ഉണ്ടായിരുന്നത് മരിച്ചു. ഇതിനിടെയാണ് ഡോൺ ബോസ്കോ വർഗീസിനെ രോഗം പിടിപെടുന്നത്. ഹൃദയസംബന്ധമായ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സതേടി. ഒടുവില്‍ ജീവന്‍ നിലനിര്‍ത്താന്‍ കിടപ്പാടവും വില്‍ക്കേണ്ടിവന്നു. ആശുപത്രി വിട്ട ഡോൺ ബോസ്കോക്ക് ഒടുവില്‍ തെരുവായിരുന്നു ആശ്രയം.

ഇദ്ദേഹത്തിന്റെ ദുരന്തകഥ മനസ്സിലാക്കിയ ഷാജൻ എന്ന വ്യക്തിയാണ് ബ്രദർ മാത്യു ആൽബിനുമായി ബന്ധപ്പെട്ട് പുന്ന പ്രശാന്തി ഭവനിലെത്തിച്ചത്. വാർധക്യകാല പെൻഷനുവേണ്ടി അപേക്ഷ നൽകിയെങ്കിലും നാളിതുവരെ കിട്ടിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

Tags:    
News Summary - Punnapra Shanti Bhavan has provided shelter to expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.