ആലപ്പുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് തൊഴിലാളികളെ പിൻവലിച്ചതോടെ അമ്പലപ്പുഴ താലൂക്കിലെ റേഷൻ ധാന്യങ്ങളുടെ വിതരണം മുടങ്ങി. മാർച്ച് 31 വരെ കരാറുകാരൻ ക്ഷേമനിധി ബോർഡിന് 15.20 ലക്ഷം രൂപയാണ് നൽകാനുണ്ടായിരുന്നത്. ഈ തുക വ്യാഴാഴ്ചക്കുള്ളിൽ നൽകണമെന്ന് കാണിച്ച് ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഈ തുക കരാറുകാരൻ അടക്കാതിരുന്നതോടെയാണ് ബോർഡ് തൊഴിലാളികളെ വിട്ടുനൽകാതിരുന്നത്.
തൊഴിലാളികളുടെ വേതനത്തിന് തുല്യമായ തുക ഭക്ഷ്യധാന്യ വിതരണ കരാർ ഏറ്റെടുത്ത തൊഴിലുടമ മുൻകൂറായി അടക്കണമെന്ന വ്യവസ്ഥ ലംഘിക്കുകയും കുടിശ്ശിക വരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബോർഡിന്റെ നടപടി. തുക നൽകാതിരുന്നതോടെ ഈമാസം നാലിന് തുടങ്ങേണ്ട ഭക്ഷ്യധാന്യ വിതരണം 16നാണ് തുടങ്ങിയത്. അതിനാൽ പലയിടത്തും ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല.
അമ്പലപ്പുഴ താലൂക്കിലെ ഭക്ഷ്യധാന്യ വിതരണം പലപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. കൃത്യസമയത്ത് വിതരണം നടക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികളും സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ തൊഴിലാളികളെ പിൻവലിച്ചുള്ള സമരവും നടന്നതോടെ വിതരണം പൂർണമായും തടസ്സപ്പെട്ടു. എന്നാൽ, ഭക്ഷ്യധാന്യം വാതിൽപടി വിതരണത്തിലൂടെ 25 ലക്ഷം രൂപ സപ്ലൈകോയിൽനിന്ന് കിട്ടാനുണ്ടെന്ന് കരാറുകാർ പറഞ്ഞു. ഇത് കിട്ടിയാൽ മാത്രമേ ക്ഷേമ ബോർഡിൽ തുക അടക്കാൻ പറ്റൂവെന്ന നിലപാടിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.