അമ്പലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലെ ആർ.എസ്.ബി.വൈ നഴ്സുമാർ പ്രതിഷേധത്തിൽ. ബുധനാഴ്ച രാവിലെയാണ് ജോലി തടസ്സപ്പെടുത്താതെ നഴ്സുമാർ പ്രതിഷേധിച്ചത്. ഈ വർഷം ഫെബ്രുവരി 11ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നഴ്സുമാർക്ക് 30,995 രൂപയാണ് ശമ്പളം പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, ഇവർക്ക് 17,000 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. ദിവസ വേതനം 566 ൽ നിന്ന് 666 രൂപയായി ഒരാഴ്ച മുമ്പ് വർധിപ്പിച്ചപ്പോൾ ഇരുപതിനായിരമായി. സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ഇവിടത്തെ ഡാറ്റാ എൻട്രി ഓപറേറ്റർമാർക്കു വരെ സർക്കാർ പ്രഖ്യാപിച്ച വേതനമായ 21, 175 രൂപ ലഭിക്കുമ്പോഴും കോവിഡ് ജോലി ഉൾപ്പെടെ ചെയ്യുന്നവർക്ക് അടിസ്ഥാന ശമ്പളം പോലും നൽകാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല. കാസ്പ് പദ്ധതിയിൽ നിന്നാണ് ആർ.എസ്.ബി.വൈ നഴ്സുമാർക്ക് ശമ്പളമനുവദിക്കുന്നത്.
2011 മുതൽ കുറഞ്ഞ വേതനത്തിൽ ഇവിടെ 86 സ്റ്റാഫ് നഴ്സുമാരാണ് ജോലി ചെയ്യുന്നത്. പി.എസ്.സി നഴ്സുമാർക്ക് പ്രതിമാസം 7500 രൂപ റിസ്ക് അലവൻസ് നൽകുമ്പോൾ കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ മറ്റെല്ലാ ജോലികളും ചെയ്യുന്ന തങ്ങൾക്ക് മറ്റൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും ഇവർ പരാതി പറയുന്നു. സർക്കാർ നഴ്സുമാർക്ക് പുതിയ ശമ്പള പരിഷ്കരണത്തിലൂടെ 39,500 രൂപ റിസ്ക് അലവൻസ് കൂടാതെ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആർ.എസ്.ബി.വൈ നഴ്സുമാർ ബുധനാഴ്ച നിൽപ് സമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.