അമ്പലപ്പുഴ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാർഡ് ആലുംപറമ്പ് വീട്ടിൽ രമേഷിന്റെ (48) ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 20 ലക്ഷം രൂപ സമാഹരിക്കാനാണ് ശനിയാഴ്ച രാവിലെ എട്ടുമുതൽ ജീവൻരക്ഷാ സമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടക്കുന്നത്.
സെപ്റ്റംബർ 26ന് ദേശീയപാതയിൽ കളർകോട് ജങ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം. നവംബർ 19ന് നിശ്ചയിച്ചിരിക്കുന്ന മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ പോയശേഷം തിരികെ ബൈക്കിൽ വരുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രമേഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്ക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനകം നടത്തിയ രണ്ട് ശസ്ത്രക്രിയക്കും ചികിത്സക്കുമായി 12 ലക്ഷത്തോളം രൂപയാണ് ചെലവായത്. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ രമേഷിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ ഇനിയും ലക്ഷങ്ങൾ ചെലവാകുന്ന ശസ്ത്രക്രിയകൾ വേണം. ഇതിനായാണ് ശനിയാഴ്ച പൊതു ധന സമാഹരണം നടക്കുന്നത്.
സാധാരണ കുടുംബം 500 രൂപയും സാമ്പത്തിക ശേഷിയുള്ളവർ ഇതിൽ കൂടുതൽ തുകയും നൽകണമെന്ന് ജീവൻരക്ഷാ സമിതി ചെയർപേഴ്സൻ റാണി ഹരിദാസ്, ജനറൽ കൺവീനർ ജി.കെ. ഗോപൻ എന്നിവർ അഭ്യർഥിച്ചു. രമേഷിനെ സഹായിക്കാൻ സന്മനസ്സുള്ളവർ ജീവൻരക്ഷാ സമിതിയുടെ പേരിൽ കേരള ബാങ്ക് പുന്നപ്ര ശാഖയിൽ ആരംഭിച്ച 127412301202823 എന്ന അക്കൗണ്ട് നമ്പരിൽ സഹായം നൽകാം. ഐ.എഫ്.എസ് കോഡ്: കെ.എസ്.ബി.കെ 0001274.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.