അമ്പലപ്പുഴ: കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയുണ്ടായ കുഴിയിൽ വീണ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് അസി.എൻജിനീയർമാർ, ഓവർസിയർ എന്നിവർക്കെതിരെയാണ് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ നടപടി.
തകഴി കേളമംഗലം സ്വദേശി അജയകുമാർ (46) മരിച്ച സംഭവത്തിലാണ് നടപടി. വാട്ടർ അതോറിറ്റി അസി. എൻജിനീയർ, പി.എച്ച് ഡിവിഷൻ അസി. എൻജിനീയർ എന്നിവർക്ക് സ്ഥലം മാറ്റവും ഒരു ഇൻക്രിമെന്റ് തടയുന്ന നടപടിയുമാണ് സ്വീകരിച്ചത്. ഓവർസിയറുടെ ഒരു ഇൻക്രിമെൻ്റും തടഞ്ഞു. ഇരു ചക്ര വാഹനത്തിൽ സഞ്ചരിച്ചെത്തിയ അജയകുമാർ 2021 ഒക്ടോബർ 27നാണ് അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് മാറിയുള്ള കുഴിയിൽ വീണത്. രാത്രി എട്ടോടെയായിരുന്നു അപകടം. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അജയകുമാർ നവംബർ നാലിന് മരിച്ചു.
അജയകുമാറിന്റെ അപകട ശേഷം ഒക്ടോബർ 29ന് ജലവിഭവ മന്ത്രി, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ എന്നിവർക്ക് വാട്ടർ അതോറിറ്റി യഥാസമയം കുഴി അടക്കാത്തതിലുള്ള കൃത്യവിലോപത്തിനെതിരെയും എച്ച്. സലാം എം.എൽ.എ പരാതി നൽകിയിരുന്നു. അജയകുമാറിന്റെ മരണത്തെ തുടർന്ന് സംഭവത്തിൽ സമഗ്രമായ അന്വഷണം ആവശ്യപ്പെട്ടും കുറ്റക്കാർക്കെതിതിരെ നടപടി സ്വീകരിക്കണമെന്നും കാട്ടി വീണ്ടും കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.