കേരളത്തിന്റെ തീരങ്ങളിൽ മത്സ്യം കുറയുന്നുവെന്നത് പുതിയ കാര്യമല്ല. പരമ്പരാഗത യാനങ്ങൾ മാറി യന്ത്രവത്കൃത ബോട്ടുകളും ട്രോളറുകളും വന്നതോടെ കടൽ അരിച്ചുപെറുക്കിയുള്ള മീൻപിടിത്തം വൻകിടക്കാരുടെ കുത്തകയായി മാറി. കടലിന്റെ മക്കൾക്കുപോലും കടലിനെ വിശ്വസിക്കാൻ പറ്റാതെയായി. 2004ലെ സൂനാമി മുതൽ കടൽക്ഷോഭം ഏറ്റവും ബാധിച്ചത് മത്സ്യത്തൊഴിലാളികളെയാണ്. കാലാവസ്ഥ വ്യതിയാനമാണ് കാരണം. അപകടങ്ങൾ കൂടിവരുന്നതും ആശങ്കയാണ്. കടൽക്ഷോഭത്തിൽ യാനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിക്കുന്നത് പതിവായി. ദാരിദ്ര്യത്തിന്റെ പിടിയിലമരുമ്പോൾ കടംവാങ്ങിയാണ് പലരുടെയും ജീവിതം. ഇതിനാൽ പുതിയ തലമുറ ഈ തൊഴിലിലേക്ക് കടന്നുവരുന്നുമില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലേക്ക് മാധ്യമം നടത്തുന്ന അന്വേഷണം ഇന്നുമുതൽ
അമ്പലപ്പുഴ: മണല്‍കയറി മരുഭൂമിക്ക് സമാനമായ അന്തരീക്ഷമാണ് തോട്ടപ്പള്ളി ഹാര്‍ബറിൽ. ജില്ലയിലെയും മറ്റ് സമീപ ജില്ലകളിലെയും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്രയമായി മാറേണ്ട ഹാര്‍ബര്‍ മണലടിഞ്ഞ് കാഴ്ച വസ്തുവായി മാറി. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഇവരില്‍ നിരാശയുടെ തിരയിളക്കമാണ് കാണാൻ തുടങ്ങിയത്.
മണല്‍ അടിഞ്ഞ് ഹാര്‍ബറില്‍ വള്ളംകയറ്റാന് പറ്റാതായി. മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന വള്ളങ്ങള്‍ പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ ഹാര്‍ബര്‍ ആഴംകൂട്ടാന്‍ നടപടികളായി. തുടക്കത്തില്‍ സര്‍ക്കാര്‍ പണംകൊടുത്താണ് ആഴംകൂട്ടല്‍ ആരംഭിച്ചതെങ്കിലും ഹാര്‍ബറില്‍ മുങ്ങിക്കിടന്ന ‘കറുത്തപൊന്ന്’ തിരിച്ചറിഞ്ഞ ഐ.ഇ.ആര്.എല്‍ സര്‍ക്കാറിന് പണംകൊടുക്കാമെന്ന കരാര്‍ പ്രകാരം ആഴംകൂട്ടല്‍ ഏറ്റെടുത്തു. ഒരു ക്യുബിക് മീറ്റര്‍ മണ്ണിന് 464.55 രൂപയും അഞ്ച് ശതമാനം ജി.എസ്.ടിയും നല്‍കുന്നതായിരുന്നു കരാര്‍. മണ്ണില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന കരിമണല്‍ കമ്പനി എടുക്കും. മറ്റ് മണ്ണ് സര്‍ക്കാര്‍ വില്പന നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഹാര്‍ബറിൽ കരിമണല്‍ ഖനനം മാത്രമായി. കഴിഞ്ഞ രണ്ടുമാസമായി ആഴംകൂട്ടല്‍ ജോലി നിര്‍ത്തിവെച്ചിരിക്കുകയാണ്. കരാര്‍ കാലാവധി അവസാനിച്ചിട്ടും പുതുക്കിനല്‍കാനുള്ള സര്‍ക്കാര്‍ നടപടി വൈകുന്നതാണ് കാരണം.
വേലിയിറക്ക സമയങ്ങളില്‍ വള്ളങ്ങള്‍ ഹാര്‍ബറിലേക്ക് കയറ്റാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റ് ഹാര്‍ബറുകളെ വേണം ആശ്രയിക്കാന്‍.
2004ൽ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഡൊമനിക് പ്രസന്റേഷന് ഫിഷറീസ് മന്ത്രിയും ആയിരിക്കുമ്പോഴാണ് ഹാർബർ നിർമാണത്തിന് കല്ലിടുന്നത്. നിര്‍മാണം ആരംഭിച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടു. ഇതെല്ലാം പരിഹരിച്ച് 2011ല്‍ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഉദ്ഘാടനം. എസ്. ശര്‍മയായിരുന്നു ഫിഷറീസ് മന്ത്രി. ചെന്നൈ ഐ.ഐ.ടിയുടെ രൂപകല്‍പനയിലായിരുന്നു നിർമാണം. പൂർത്തിയാക്കാൻ 14 കോടിയോളം വേണ്ടിവന്നു.
ഹാർബറിന്റെ തെക്ക് ഭാഗത്തെ പുലിമുട്ടിന് 470 മീറ്റർ നീളവും വടക്കേ പുലിമുട്ടിന് 146 മീറ്റർ നീളവുമാണുള്ളത്. ഹാർബറിന്റെ ഉൾഭാഗത്തിന് തെക്കുവടക്കായി 180 മീറ്റർ കിഴക്ക് പടിഞ്ഞാറായി 215 മീറ്ററും രണ്ടര മീറ്റർ ആഴവുമാണുള്ളത്. പരമ്പരാഗത 300 വള്ളങ്ങൾക്ക് മത്സ്യം ഇറക്കാനുള്ള സൗകര്യങ്ങളാണ് ഉദ്ദേശിച്ചിരുന്നത്. കൂടാതെ 17 മീറ്റർ നീളവും 15 മീറ്റർ വീതിയിലുമുള്ള വിശാലമായ ലേലഹാളും വലകൾ അറ്റകുറ്റപ്പണി നടത്താൻ 57 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കെട്ടിടങ്ങളും ഹാർബറിനുള്ളിലുണ്ട്. എന്നാൽ, ഇതൊന്നും വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താനായില്ല.
നിർമാണം പൂർത്തിയാക്കിയ തോട്ടപ്പള്ളി ഹാർബർ മണ്ണ് അടിഞ്ഞ് കയറി പ്രവർത്തനം നിലക്കുന്നത് പതിവായത്തോടെ മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റിടങ്ങളെ ആശ്രയിക്കേണ്ടിവന്നു. പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യം ഇറക്കിപ്പോകാനുള്ള സൗകര്യങ്ങളും വലകളുടെ കേടുപാടുകള്‍ തീര്‍ക്കാനും ലക്ഷ്യമിട്ടാണ് ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍, മണ്ണ് കയറുന്നതിനാല്‍ പലപ്പോഴും വള്ളങ്ങള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ കഴിയാതായി. പിന്നീട് മത്സ്യത്തൊഴിലാളി സംഘടനകളും എ.കെ.ഡി.എസും പ്രതിഷേധങ്ങളും സമരങ്ങളുമായി രംഗത്തെത്തി. തുടര്‍ന്നാണ് മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കാന്‍ തീരുമാനമായത്. ശാശ്വത പരിഹാരത്തിനായി വടക്ക് ഭാഗത്തായി മറ്റൊരു പുലിമുട്ട് നിർമിക്കാനും തീരുമാനിച്ചു.
ഇതിനായി 70 കോടിയുടെ അനുമതിക്കായി കേന്ദ്രസര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. നിലവില്‍ ആഴംകൂട്ടല്‍ ജോലി മാത്രമാണ് നടക്കുന്നത്. കരിമണല്‍ കമ്പനിയുടെ താല്പര്യപ്രകാരമാണ് പുലിമുട്ട് നിർമാണം വൈകിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഹാര്‍ബര്‍ മുഖത്ത് മണല്‍ അടിഞ്ഞ് കയറുന്നതിനാല്‍ ചെറിയ വള്ളങ്ങൾക്ക് പോലും അകത്ത് കയറാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. വേലിയിറക്ക സമയങ്ങളില്‍ ഹാര്‍ബര്‍ ചളിയും മണലും മാത്രമായിമാറും. ഈസമയം ഹാര്‍ബറില്‍ നങ്കൂരമിട്ടിരിക്കുന്ന വള്ളങ്ങള്‍ പുറത്തേക്കിറക്കാനും പറ്റില്ല.
അർത്തുങ്കൽ, വലിയഴീക്കൽ ഹാർബറുകൾക്കിടയിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്രയമായത് തോട്ടപ്പള്ളി ഹാർബറായിരുന്നു. ഹാർബറിന്റെ നിർമാണം പൂർത്തിയായതോടെ പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾ ചെറിയവള്ളങ്ങൾ ഒഴിവാക്കി യന്ത്രബോട്ടുകൾ സ്വന്തമാക്കി. പലിശക്കും കിടപ്പാടം പണയംവെച്ചുമാണ് ബോട്ടുകൾ വാങ്ങിയത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ മാത്രമാണ് ഹാർബറിനുള്ളിൽ ബോട്ടുകൾ കയറ്റാനായത്. അശാസ്ത്രീയ നിർമാണ രീതിയാണ് ഹാർബറിൽ മണ്ണടിയാൻ കാരണം.
അന്നത്തെ വള്ളങ്ങളുടെയും ബോട്ടുകളുടെയും സംവിധാനങ്ങൾക്കനുസരിച്ചായിരുന്നു ഹാർബർ രൂപകൽപന ചെയ്തത്. മറ്റ് ഹാർബറുകളിൽനിന്ന് വ്യത്യസ്തമായി വടക്ക് ഭാഗത്താണ് വള്ളങ്ങൾക്ക് കയറിയിറങ്ങാനുള്ള സംവിധാനമുള്ളത്. ശക്തമായ തിരമാലയിൽ കരയിൽനിന്നുള്ള മണ്ണ് ഹാർബറിലേക്കുള്ള പ്രവേശന ഭാഗത്തും ഉള്ളിലുമാണ് അടിഞ്ഞുകൂടുന്നത്. ഇതിന് പരിഹാരമായാണ് വടക്ക് ഭാഗത്ത് മറ്റൊരു പുലിമുട്ടുകൂടി നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഹാര്‍ബറില്‍ അടിഞ്ഞുകൂടുന്ന കറുത്തപൊന്ന് കണ്ണുവെച്ച കരിമണല്‍ കമ്പനി അതും തടസ്സപ്പെടുത്തിയിരിക്കുകയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.