അമ്പലപ്പുഴ: സമരഭൂമിയെ ചെങ്കടലാക്കി ധീരരക്തസാക്ഷികള്‍ക്ക് ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. പുന്നപ്ര വയലാര്‍ 77ാമത് വാര്‍ഷിക വാരാചരണത്തിന് പുന്നപ്ര സമരഭൂമിയിലെ സമാപന ചടങ്ങിലാണ് സമര സേനാനികളുടെ ഓര്‍മകള്‍ പുതുക്കി ആയിരങ്ങൾ രക്തപുഷ്പങ്ങളർപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ 10ഓടെ പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലെയും വൈകീട്ട് നാലിന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെയും വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറു ജാഥകളായെത്തി കളർകോട്, പറവൂർ, വണ്ടാനം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ദേശീയപാതയിൽ ചെങ്കടൽ തീർത്ത് കപ്പക്കട ജങ്ഷനിലെത്തിയ റാലികൾ ധീരദേശാഭിമാനികളുടെ ചുടു നിണംവീണ് ചുവന്ന മണ്ണിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇരു കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും തുടങ്ങി ആയിരങ്ങളാണ് രാവിലെ 11നും വൈകീട്ട് അഞ്ചിനും പുഷ്പാർച്ചന നടത്തിയത്.
കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എം. ചന്ദ്രൻ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് എസ്. സുരേഷ് കുമാർ എന്നിവരും പുഷ്പാർച്ചനയുടെ ഭാഗമായി.
വൈകീട്ട് മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽ സമരനായകൻ പി.കെ. ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് കൊളുത്തിനൽകിയ ദീപശിഖ ശിവകുമാർ ഏറ്റുവാങ്ങി. തുടർന്ന് പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലൂടെ പ്രയാണം നടത്തി സ്വീകരണങ്ങളേറ്റുവാങ്ങി മടങ്ങി എത്തിച്ചേർന്നപ്പോൾ അത്ലറ്റ് ട്രില്ലിയിൽനിന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു.
വൈകീട്ട് ആറിന് ചേർന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. ജയൻ അധ്യക്ഷനായി. നേതാക്കളായ മുല്ലക്കര രത്നാകരൻ, സി.എസ്. സുജാത, ആർ.നാസർ, ടി.ജെ ആഞ്ചലോസ്, സി.ബി. ചന്ദ്രബാബു, എച്ച്. സലാം എം.എൽ.എ, പി.വി. സത്യനേശൻ, ജി. രാജമ്മ, അഡ്വ.വി. മോഹൻദാസ്, അഡ്വ.ആർ .രാഹുൽ, ജയിംസ് ശാമുവൽ, സി.ഷാംജി, വി. കെ. ബൈജു എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ സ്വാഗതവും കെ. ജഗദീശൻ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.