ആറാട്ടുപുഴ: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയ കേസിൽ ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിനു സമീപം വൈകുണ്ഠം ലോഡ്ജ് നടത്തിവരുന്ന ആറ്റുകാൽ വൈകുണ്ഠത്തിൽ (ശിവാനന്ദഭവനം) കൃഷ്ണകുമാറിനെയാണ് (62) കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കരിമത്തുളള വാടകവീട്ടിൽനിന്ന് കനകക്കുന്ന് എസ്.എച്ച്.ഒ വി. ജയകുമാറാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. വീട്ടിനുള്ളിൽ നായെ അഴിച്ചു വിട്ടിരുന്നതിനാൽ നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽനിന്ന് വേറെ മുക്കുപണ്ടങ്ങളും കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മുതുകുളം കെ.ആർ. നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ കൃഷ്ണകുമാർ വള പണയം വെക്കാൻ എത്തിയത്. മേൽവിലാസം തിരക്കിയ ജീവനക്കാരിയോട് മുമ്പ് താൻ ഇവിടെ ഉരുപ്പടികൾ പണയം വെച്ചിട്ടുണ്ടെന്ന മറുപടിയാണ് നൽകിയത്. ഇതു വിശ്വസിച്ച ജീവനക്കാരി 75,000 രൂപ നൽകി. ഇയാൾ പോയ ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് വള മുക്കുപണ്ടമാണെന്നു മനസ്സിലായത്. തുടർന്ന് ഇവർ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സ്ഥാപനത്തിന്റെ സി.സി ടി.വി പരിശോധിച്ചപ്പോൾ പ്രതി വന്ന കാറിന്റെ ദൃശ്യം ലഭിച്ചു. കാറിന്റെ നമ്പർ വെച്ച് നടത്തിയ പരിശോധനയിൽ മറ്റൊരാളുടെ പേരിലുള്ള ഫോൺ നമ്പറാണ് വാഹനത്തിന്റെ രജിസ്ട്രേഷനു നൽകിയിരുന്നതെന്ന് കണ്ടെത്തി. ഈ നമ്പറിന്റെ ഉടമയിൽനിന്നാണ് കൃഷ്ണകുമാറിനെ കുറിച്ചുളള വിവരം ലഭിക്കുന്നത്. കോടികൾ ആസ്തിയുള്ള ആളാണ് കൃഷ്ണകുമാർ എന്ന് പൊലീസ് പറഞ്ഞു.
ലോഡ്ജ് കൂടാതെ തിരുവനന്തപുരം വെളളായനി പുഞ്ചക്കരിയിൽ ഇയാൾക്കു ആഡംബര വീട് ഉൾപ്പെടെ സ്വന്തമായുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടൻ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് ഇയാൾ ഇപ്പോൾ വാടകക്കു താമസിക്കുന്നത്.
മുതുകുളത്ത് എത്തി തട്ടിപ്പ് നടത്തിയതിന് പിന്നിലെ കാരണങ്ങൾ പൊലീസ് അന്വേഷിച്ചു വരുകയാണ്. തിരുവനന്തപുരം വെള്ളറട പൊലീസ് സ്റ്റേഷനിലും തമിഴ്നാട് കൊല്ലംകോട് സ്റ്റേഷനിലും ഇയാൾക്കെതിരെ സമാന സ്വഭാവമുളള കേസുണ്ട്. പണയം വെക്കുന്ന സ്ഥലങ്ങളിലെല്ലാം തെറ്റായ മേൽവിലാസങ്ങളാണ് നൽകി വന്നിരുന്നത്.
കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഗ്രേഡ് എസ്.ഐമാരായ ബൈജു, ഷാജഹാൻ, സീനിയർ സി.പി.ഒമാരായ ജിതേഷ്, അനീഷ് കുമാർ, സതീഷ്, സി.പി.ഒ അനീസ് ബഷീർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.