അരൂർ: പട്ടിണിയാണെങ്കിലും കയറിക്കിടക്കാൻ ഒരു വീട് അതാണ് ബാബുവിന് വേണ്ടത്. അരൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കുറ്റിയാഞ്ഞിലിക്കൽ വീട്ടിൽ ബാബു (52) കൽപണിക്കാരനാണ്. അപകടത്തെ തുടർന്ന് അവശതനിലയിലാണ്. ഭാര്യ കലയ്ക്ക് മാനസിക ആരോഗ്യപ്രശ്നങ്ങളുണ്ട്. ബുദ്ധിവികസിക്കാത്ത ഭിന്നശേഷിക്കാരനായ മകൻ അനന്തു (22) ആലപ്പുഴ സാന്ത്വനം കോൺവെന്റ് സ്കൂളിലാണ് പഠിക്കുന്നത്. കുടുംബത്തിന് സ്വന്തമായി റേഷൻ കാർഡില്ല. സഹോദരങ്ങൾക്ക് എല്ലാവർക്കുമായി നാല് സെന്റ് സ്ഥലമാണുള്ളത്. ഇതിൽ പകുതി ബാബുവിന് വീട്ടുകാർ കൊടുത്തിട്ടുണ്ട്. ഒരു വീട് നിർമിക്കാനുള്ള ശ്രമം എല്ലാവരും ചേർന്ന് നടത്തിയിരുന്നു. എന്നാൽ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നാലുവർഷം മുമ്പ് നിർമിച്ച ഈ വീട് ദ്രവിച്ച് തകർന്നു തുടങ്ങിയിരിക്കുന്നു. ആസ്ബസ്റ്റോസ് സീറ്റ് കൊണ്ടാണ് മേൽക്കൂര. ഇതു പൊളിച്ചുമാറ്റി ചോരാത്ത അടച്ചുറപ്പുള്ള വീടാണ് കുടുംബത്തിന് വേണ്ടത്. സ്ഥലക്കുറവും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ഇല്ലാത്തതും സർക്കാർ സഹായം ലഭിക്കുന്നതിന് തടസ്സമാകും.
ഇല്ലായ്മകൾക്ക് നടുവിലും മകൻ അനന്തു സൈക്കിളിങ്ങിൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ വാങ്ങിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ദേശീയതലത്തിലുള്ള കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്. കനിവുള്ളവരുടെ കാരുണ്യം മാത്രമാണ് കുടുംബത്തിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.