അരൂർ: മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് മുമ്പ് മണ്ഡലത്തിലെ 10 പഞ്ചായത്തും മാലിന്യമുക്തമാക്കാൻ തീവ്രയജ്ഞ കർമപദ്ധതികൾ ആരംഭിച്ചു. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളാണ് അരൂർ മണ്ഡലത്തിലുള്ളത്. അരൂർ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളും ഗ്രാമസ്വഭാവമുള്ളവയാണ്.
മാലിന്യം വീടുകളിൽ ഉണ്ടെന്നും ഒഴിവാക്കേണ്ടതാണെന്നുമുള്ള ബോധവത്കരണമാണ് ആദ്യം നടക്കേണ്ടത്. ഒരു പരിധിവരെ അത് വിജയിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ അഭിപ്രായം.
മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെയും പ്ലാസ്റ്റിക് കത്തിക്കുന്നവരെയും കണ്ടെത്തി പിഴയടപ്പിക്കുന്നതിന് അരൂർ മണ്ഡലത്തിൽ 10 പഞ്ചായത്തിലും ശക്തമായ നടപടി എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാർഡുതല ക്ലസ്റ്റർ രൂപവത്കരിച്ച് വാർഡ് പ്രദേശത്ത് പ്രവർത്തനം ശക്തമാക്കി വരുകയാണ്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സാംസ്കരിക്കുന്നതിന് ബിന്നുകൾ നൽകുന്നുണ്ട്.
മുഴുവൻ വീടുകളിലും ബിന്നുകൾ എത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. അരൂർ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ കുപ്പിച്ചില്ല്, ചെരിപ്പ്, പഴയ വസ്ത്രം, ഡയപ്പറുകൾ എന്നിവയുടെ ശേഖരണം ഫലപ്രദമായി ഒരു പഞ്ചായത്തിലും നടക്കുന്നില്ല.ഈവക സാധനങ്ങൾ കൊണ്ടുപോകുന്നതിന് പഞ്ചായത്ത് കാശുമുടക്കേണ്ടി വരും.
കൊണ്ടുപോകുന്നവർക്ക് ഫീസ് നൽകണം. അതിനാൽ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പഞ്ചായത്തുകൾ ഈവക മാലിന്യശേഖരണം ഒഴിവാക്കിയിരിക്കുകയാണ്. സർക്കാർ കാർക്കശ്യം പിടിച്ചെങ്കിൽ മാത്രമേ ഫണ്ട് കണ്ടെത്തി പദ്ധതി നടപ്പാക്കാൻ തയാറാകൂ.പ്ലാസ്റ്റിക് ശേഖരിക്കുന്ന പദ്ധതി ചില പഞ്ചായത്തുകൾക്ക് തലവേദന ആകുന്നത് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിലാണ്.
പല പഞ്ചായത്തുകളിലും വാടകക്കെട്ടിടങ്ങളിലാണ് മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി എന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സ്വന്തമായി സ്ഥലമുള്ള അരൂർ പഞ്ചായത്ത് പോലെയുള്ള പഞ്ചായത്തുകളിൽ പോലും പ്ലാസ്റ്റിക് ശേഖരിക്കുന്ന കേന്ദ്രം തുടങ്ങാൻ ആയിട്ടില്ല. സമീപവാസികളുടെ എതിർപ്പാണ് കാരണം.
2020 കാലത്താണ് വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പദ്ധതി അരൂർ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച് ഹരിതകർമസേന രൂപവത്കരിക്കുന്നത്. ഇപ്പോൾ ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽനിന്ന് കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് ശേഖരിച്ചുതുടങ്ങി. കെൽട്രോൺ സഹായത്തോടെ ക്യു.ആർ കോഡ് സ്ഥാപിച്ച് വീടുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്ന സംവിധാനം ഉടൻ നടപ്പാക്കും.
വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് നിതാന്ത ജാഗ്രത പാലിച്ചു. നിരീക്ഷണ കാമറകൾ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കാനുള്ള തീരുമാനം നടപ്പായിട്ടില്ല. ഉയരപ്പാത നിർമാണശേഷം കാമറ സ്ഥാപിക്കുന്ന ജോലികൾ ഗൗരവമായി പരിഗണിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. മാലിന്യം വഴിയോരങ്ങളിൽ തള്ളുന്നവർക്കെതിരെ കർശന നിയമനടപടി നടത്തിയതിലൂടെ മാലിന്യം വലിച്ചെറിയുന്നവരെ തടയാൻ കഴിഞ്ഞു.
മാസത്തിലൊരിക്കൽ ഒരു പഞ്ചായത്തിൽനിന്ന് മാത്രം 1500 മുതൽ 2000 കിലോവരെ പ്ലാസ്റ്റിക് കയറ്റി അയക്കുന്നുണ്ട്.ഇപ്പോൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വാടകക്കെടുത്ത സ്ഥലത്താണ് തരം തിരിച്ച് പാക്ക് ചെയ്യുന്നത്.
അരൂർ കളത്തിൽ ക്ഷേത്രത്തിനു സമീപത്തെ പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്ത് പ്ലാസ്റ്റിക് ശേഖരണ സംവിധാനം തുടങ്ങാൻ പ്രദേശവാസികളുടെ എതിർപ്പു മൂലം കഴിഞ്ഞിട്ടില്ല. സമീപവാസികളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി കേന്ദ്രം ഇവിടെ തന്നെ ആരംഭിക്കുന്നതിന് പഞ്ചായത്ത് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അരൂർ: പതിറ്റാണ്ടായി അരൂർ ഗ്രാമപഞ്ചായത്ത് നേരിടുന്ന ഗൗരവമേറിയ പാരിസ്ഥിതിക പ്രശ്നമാണ് മാലിന്യം. കിഴക്ക് കൈതപ്പുഴ കായലും പടിഞ്ഞാറ് കുറുമ്പിക്കായലും ബന്ധപ്പെടുന്ന ചന്തിരൂരിലെ പുത്തൻതോട് ഖരമാലിന്യമടിഞ്ഞ്, ഒഴുക്കുനിലച്ച് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ച് കിടന്നപ്പോഴാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഏറ്റവും മലിനീകരിക്കപ്പെട്ട ഗ്രാമമെന്ന് അരൂരിനെ വിലയിരുത്തിയത്.
സംസ്ഥാനത്ത് ഏറ്റവുമധികം മത്സ്യസംസ്കരണ ശാലകൾ കേന്ദ്രീകരിച്ചിരിക്കുന്നത് അരൂർ പഞ്ചായത്തിലാണ്. 1970കൾ മുതൽ ചെമ്മീൻ കിള്ളുകേന്ദ്രങ്ങൾ അരൂരിൽ വ്യാപിച്ചിരുന്നു.
കൃഷിയും കയറും അരൂർ നിവാസികളെ ഉപജീവനത്തിന് തുണക്കാതിരുന്നപ്പോൾ രക്ഷയായി എത്തിയത് ചെമ്മീൻ തൊഴിൽ മേഖലയായിരുന്നു. വീടുകൾപോലും ചെമ്മീൻ പീലിങ് കേന്ദ്രങ്ങളായി മാറിയപ്പോൾ കുടിവെള്ള സ്രോതസ്സുകൾ മലിനമായി. കുടിവെള്ളം കിട്ടാക്കനിയായി. മാലിന്യം ആരോഗ്യപ്രശ്നങ്ങൾ നിരവധി ഉണ്ടാക്കി. എന്നാലും ജീവിതോപാധിയായി ചെമ്മീൻതൊഴിൽ നാട്ടുകാർക്ക് ആശ്രയമായി.
കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം രാജ്യത്തിന് നേടിത്തരുന്ന മത്സ്യ ഉൽപന്ന കയറ്റുമതി വ്യവസായം അരൂർ മേഖലയിൽ തഴച്ചുവളർന്നു. കയറ്റുമതിയുടെ മികവിൽ മികവിന്റെ പട്ടണമായി അരൂർ മേഖലയെ കേന്ദ്രസർക്കാർ അംഗീകരിച്ചു. എന്നിട്ടും പൊതുമാലിന്യ സംസ്കരണ പ്ലാന്റ് സാക്ഷാത്കരിക്കാത്ത ആവശ്യമായി ഇപ്പോഴും നിലനിൽക്കുന്നു.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 10 കോടി ചന്തിരൂരിലെ പൊതുശുദ്ധീകരണ പ്ലാന്റ് നിർമാണത്തിന് അനുവദിച്ചത് അരൂർ നിവാസികൾക്കും ഈ രംഗത്തെ വ്യവസായികൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.