അരൂർ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19നാണ്.
പത്രികകളുടെ സൂക്ഷ്മ പരിശോധന 20 ന് നടത്തും. പിൻവലിക്കാനുള്ള അവസാന തീയതി 22നാണ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയായ ദലീമ ജോജോ അരൂരിൽ നിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ ദലീമ ജോജോ 3,495 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ടി.എച്ച്. സലാമിനെ തോൽപ്പിച്ച് ഡിവിഷൻ നിലനിർത്തുകയായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ദലീമ ഏപ്രിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആവുകയും വിജയിക്കുകയും ചെയ്തു.
യു.ഡി.എഫ് അനുകൂലമായിരുന്ന അരൂർ ഡിവിഷൻ 2015 ലാണ് സി.പി.എം പിടിച്ചത്. അരൂർ, എഴുപുന്ന, കോടംതുരുത്ത്, തുറവൂർ, കുത്തിയതോട് എന്നീ പഞ്ചായത്തുകളിലെ 52 വാർഡുകളാണ് അരൂർ ഡിവിഷൻ ഉൾക്കൊള്ളുന്നത്. അരൂർ എഴുപുന്ന കുത്തിയതോട് എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഇടതും, തുറവൂർ യു.ഡി.എഫും, കോടംതുരുത്തിൽ ബി.ജെ.പിയുമാണ് ഭരിക്കുന്നത്.
ജില്ലാപഞ്ചായത്ത് ഭരണത്തിൽ അരൂർ ഡിവിഷനിലെ ജയപരാജയങ്ങൾ ഒരു പ്രതിഫലനം ഉണ്ടാകുകയില്ലെങ്കിലും മുന്നണികൾക്ക് വിജയം അനിവാര്യമാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം അരൂർ ഏരിയ നേതാവായ പി.ഡി. രമേശനേയും, എസ്.എഫ്.ഐ ജില്ലാ ജോയിൻറ് സെക്രട്ടറിയായ അനന്തു രമേശനെയുമാണ് പരിഗണിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസ് നേതാവായ കെ.എം. ഉമേശനെ പരിഗണിക്കുന്നതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.