നാ​ല് കെ​ട്ടി​ട​ത്തി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രൂ​ർ കെ.​എ​സ്.​ഇ.​ബി സെ​ക്​​ഷ​ൻ ഓ​ഫി​സ്

അരൂർ വൈദ്യുതിഭവന് കെട്ടിടമില്ല; പ്രവർത്തനം ക്വാർട്ടേഴ്സിൽ

അരൂർ: അരൂർ വൈദ്യുതി സെക്ഷൻ ഓഫിസിന് സൗകര്യങ്ങളുള്ള കെട്ടിടമില്ല, ജീവനക്കാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സും. ഓഫിസ് നിലവിൽ പ്രവർത്തിക്കുന്നത് ഓഫിസർമാർക്കുവേണ്ടി പണിത ക്വാർട്ടേഴ്സുകളിൽ. റെക്കോഡ് വരുമാനം നേടുന്ന ഓഫിസിനാണ് ഈ ദുർഗതി.

വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫിസ് താൽക്കാലികമായാണ് ക്വാർട്ടേഴ്സിൽ ആരംഭിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമിക്കാതെ അസൗകര്യങ്ങൾക്ക് നടുവിൽ തുടരുകയാണ് ഓഫിസ്. 24,000 സാധാരണ ഉപഭോക്താക്കളും 83 ഹൈടെൻഷൻ ഉപഭോക്താക്കളുമുള്ള സെക്ഷൻ ഓഫിസിന്‍റെ പ്രതിമാസ വരുമാനം 20 കോടിയിലേറെയാണ്.

വിവിധ വ്യവസായശാലകൾ കേന്ദ്രീകരിക്കുന്ന ഇൻഡസ്ട്രിയൽ എസ്റ്റേറ്റും നിരവധി മത്സ്യ സംസ്കരണ കയറ്റുമതി ശാലകളും അരൂരിലുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരുമില്ല. നിലവിലെ ജീവനക്കാരുടെ ആത്മാർഥ പരിശ്രമത്താലാണ് വലിയ പരാതികളില്ലാതെ സെക്ഷൻ പ്രവർത്തിക്കുന്നത്.

അരൂർ, എഴുപുന്ന പഞ്ചായത്തുകളിലെ ഉപഭോക്താക്കളാണ് സെക്ഷന് കീഴിലുള്ളത്. സെക്ഷൻ രണ്ട് ആക്കണമെന്ന മുറവിളി പരിഗണിച്ച് എരമല്ലൂരിൽ സബ്സ്റ്റേഷൻ സ്ഥാപിച്ചെങ്കിലും വിഭജനത്തിന് നടപടിയില്ല. രണ്ട് വാഹനമെങ്കിലും വേണ്ടിടത്ത് പഴക്കമുള്ള ഒരു ജീപ്പ് മാത്രമാണുള്ളത്. കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ അരൂർ 110 കെ.വി സബ്സ്റ്റേഷൻ ജീവനക്കാർക്ക് താമസിക്കാൻ 1980ൽ ഏഴ് കെട്ടിടത്തിലായി 14 ക്വാർട്ടേഴ്സുകൾ പണിതതാണ്.

അറ്റകുറ്റപ്പണി നടത്താതെ ഇവ താമസയോഗ്യമല്ലാതായി. പഴയവ പുതുക്കാതെ തന്നെ 1990ൽ പുതിയ അഞ്ച് ക്വാർട്ടേഴ്സുകൂടി പണിതു. ഇതിൽ ഒരെണ്ണത്തിൽപോലും ഇപ്പോൾ താമസമില്ല. ക്വാർട്ടേഴ്സുകൾ ജീർണിച്ച് നശിക്കുമ്പോൾ വാടക വീടുകളിലാണ് ജീവനക്കാരുടെ താമസം.

2000ൽ അരൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് കെട്ടിടം വ്യവസായ വകുപ്പിന്‌ ഒഴിഞ്ഞുകൊടുത്ത് നാല് ക്വാർട്ടേഴ്സുകളിലേക്കായി മാറി. പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ചോർന്നൊലിച്ചും വളപ്പിലാകെ കാട് വളർന്നും നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.

താഴ്ന്ന പ്രദേശമായതിനാൽ ഒറ്റ മഴയിൽ തന്നെ ഇവിടം വെള്ളക്കെട്ടിലാകും. ഇതിനിടെ, അഗ്നിരക്ഷാ സേന യൂനിറ്റിനായി അധികൃതർ ഇതിൽ നാല് ക്വാർട്ടേഴ്സുകൾ നൽകി. ഇവരുടെ വാഹനങ്ങളും നിറഞ്ഞതോടെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിന് ചുറ്റും നിന്നുതിരിയാൻ ഇടമില്ലാതായി. അഗ്നിരക്ഷാ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യത്തിന് കെ.എസ്.ഇ.ബിയുടെ രണ്ട് കെട്ടിടം ഇടിച്ചുനിരത്തുകയും ചെയ്തു. അഗ്നിരക്ഷാ സേന ഓഫിസിന് കൈതപ്പുഴ കായലോരത്ത് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്കുശേഷവും നടപടിയുണ്ടായിട്ടില്ല.  

Tags:    
News Summary - Aroor electricity section office has no building; Action in quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.