അരൂർ: ഗവ. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ മൂന്നുകോടി രൂപ ബജറ്റിൽ അനുവദിച്ചത് അരൂരിന്റെ കാത്തിരിപ്പിന്റെ ഫലം. അഞ്ച് പതിറ്റാണ്ട് മുമ്പ് കിടത്തിച്ചികിത്സ സൗകര്യമുണ്ടായിരുന്ന ആതുരാലയം സമീപകാലംവരെ പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമായിരുന്നു. പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായി വികസിപ്പിച്ചതോടെ ഇരുനില കെട്ടിടം ആശുപത്രിക്കായി നിർമിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെ കെട്ടിടത്തിന്റെ തറക്കല്ലിടൽ നടത്തിയിരുന്നു. ബജറ്റുകൾ നിവധി കഴിഞ്ഞെങ്കിലും ഒരുരൂപ പോലും ആശുപത്രി വികസനത്തിന് മാറ്റിവെച്ചില്ല. ദേശീയപാതക്ക് അരികിൽ രണ്ടേക്കറോളം സ്ഥലം ആശുപത്രിക്ക് സ്വന്തമായുണ്ടെങ്കിലും കിടത്തിച്ചികിത്സ സൗകര്യങ്ങളോടെ ആശുപത്രി വികസനത്തിന് സർക്കാർ തയാറായില്ല.
നിരവധി സംഘടനകൾ ഈ ആവശ്യമുയർത്തി പ്രക്ഷോഭം നടത്തിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടെയും താലൂക്ക് ആരോഗ്യ കേന്ദ്രമായ തുറവൂർ ആശുപത്രി അധികം ദൂരത്തല്ലാത്തതുകൊണ്ട് അരൂരിൽ കിടത്തിച്ചികിത്സ സൗകര്യങ്ങളുടെ ആശുപത്രി ആവശ്യമില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. കെട്ടിടത്തോടൊപ്പം ജീവനക്കാരും മറ്റ് സൗകര്യങ്ങളും ആരോഗ്യവകുപ്പ് അനുവദിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.