അരൂർ: ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ-സാങ്കേതിക സ്ഥാപനങ്ങളിലൊന്നായി വളരേണ്ട കെൽട്രാക്കിന് പറയാനിപ്പോൾ അവഗണനയുടെ കഥകൾ മാത്രം. കെടുകാര്യസ്ഥതയുടെ വിളനിലമായി മാറിയ സ്ഥാപനത്തിലെ ജീവനക്കാർക്ക് ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. ബോണസോ ഫെസ്റ്റിവൽ അലവൻസോ ഇല്ലാത്ത നാലാമത്തെ ഓണമാണ് കെൽട്രാക്ക് ജീവനക്കാർക്ക് കടന്നുപോവുന്നത്. 40ഓളം തൊഴിലാളികളും അവരുടെ കുടുംബംഗങ്ങളും തീരാദുരിതത്തിലാണ്.
കെൽട്രാക്കിന് സ്വതന്ത്ര ചുമതലയുള്ള മേലധികാരി ഇല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. സ്ഥിരം ഡയറക്ടറോ മാനേജറോ ഇല്ലാത്തതാണ് കെൽട്രാക്കിന്റെ ദുര്യോഗം. കോവിഡാനന്തരം 2020 ഏപ്രിലിൽ തുടങ്ങിയ പ്രതിസന്ധി മൂന്നുവർഷം കഴിഞ്ഞിട്ടും പരിഹരിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. കെൽട്രോൺ ചീഫ് ജനറൽ മാനേജർക്കാണ് കെൽട്രാക് ഡയറക്ടറുടെ അധിക ചുമതല. അതിനാൽ തന്നെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ഒരു കോമ്പൗണ്ടിലാണ് രണ്ടു സ്ഥാപനങ്ങളെങ്കിലും കെൽട്രാക്കിൽ കയറാൻപോലും അദ്ദേഹത്തിന് സാധിക്കാറില്ല.
സംസ്ഥാന വ്യവസായ വകുപ്പ് നിയന്ത്രിക്കുന്ന വ്യവസായ-വിദ്യാഭ്യാസ സ്ഥാപനമായി കെൽട്രോൺ കോംപ്ലെക്സിൽ 2004ൽ പ്രവർത്തനമാരംഭിച്ചതാണ് കെൽട്രോൺ ടൂൾ റൂം റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ അഥവ കെൽട്രാക്. കോടികൾ വിലമതിക്കുന്ന സാങ്കേതിക സൗകര്യം ഇവിടെയുണ്ട്. ഐ.എസ്.ആർ.ഒ, ബ്രഹ്മോസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സൂക്ഷ്മവും സങ്കീർണവുമായ ഉൽപന്നങ്ങൾ നിർമിച്ചുകൊടുക്കുന്നതിന് കെൽട്രാക്കിന് സാങ്കേതിക മികവുണ്ട്. അതുകൊണ്ടുതന്നെ കോടികളുടെ ഓർഡറുകൾ ഇവിടെനിന്ന് ലഭിക്കാറുണ്ട്. എന്നാൽ, സാങ്കേതിക മികവുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ അഭാവമാണ് സ്ഥാപനം നേരിടുന്ന പോരായ്മ. ഓർഡറുകൾ അനുസരിച്ച് ഉൽപന്നങ്ങൾ നിർമിച്ചുനൽകി കിട്ടുന്ന തുകകൊണ്ട് സ്ഥാപനം നടത്താനാണ് സർക്കാർ ലക്ഷ്യമിട്ടത്.
എന്നാൽ, നാഥനില്ലാ കളരിയായിരിക്കുന്ന കെൽട്രാക്കിന് അഞ്ചുകോടിയുടെ ഓർഡറുകൾ നഷ്ടപ്പെടുന്ന അവസ്ഥയിലാണിപ്പോൾ. ഐ.എസ്.ആർ.ഒയിൽനിന്ന് ലഭിച്ച മൂന്നുകോടിയുടെയും ബ്രഹ്മോസിന്റെ രണ്ടുകോടിയുടെയും ഓർഡറുകളാണ് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതെയായിരിക്കുന്നത്.
കെൽട്രാക്കില് സാങ്കേതിക വിദ്യാഭ്യാസം നടത്തുന്ന 80 ഓളം ഡിപ്ലോമ വിദ്യാർഥികളുടെ നാലുവർഷത്തെ പഠനവും ഭാവിയും ഇല്ലാതാകുകയാണ്. അടിയന്തരമായി കഴിവുറ്റ സ്ഥിരം ഡയറക്ടറെ നിയമിച്ച് സ്ഥാപനത്തെ തീരാദുരിതത്തിൽനിന്ന് കരകയറ്റണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇതിനായി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.