അരൂർ: അരൂരിലെ കെൽട്രോൺ കൺട്രോൾസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കെൽട്രോൺ ടൂൾ റൂം റിസർച്ച് ആൻഡ് ട്രെയിനിങ് സെൻറർ (കെൽട്രാക്ക്) കടുത്ത പ്രതിസന്ധിയിൽ.ജീവനക്കാർക്ക് ശമ്പളം നൽകിയിട്ട് മാസങ്ങൾ. ഇന്ത്യയിലെ മികച്ച സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി മാറേണ്ട സ്ഥാപനം അടച്ചുപൂട്ടലിന്റെ വക്കിലാണ്. 2004ൽ പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെയായിരുന്നു ഉദ്ഘാടനം. ഭൂമി, കെട്ടിടം, മെഷിനറി എന്നിവ അടക്കം 69 ലക്ഷം രൂപക്കുപുറമേ 14.31 കോടിയുടെ നിക്ഷേപമാണ് സ്ഥാപനത്തിന് സർക്കാർ നൽകിയത്. പുതിയ യന്ത്രങ്ങൾ വാങ്ങാൻ 10.6 കോടി രൂപ മുടക്കിയതിൽ 7.5 കോടി കേന്ദ്രസർക്കാരും ബാക്കി സംസ്ഥാനവും ഗ്രാന്റായി നൽകിയിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് 4.25 കോടിയും ചെലവഴിച്ചിട്ടുണ്ട്. പ്രധാനമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് നൂതന പാത തുറക്കുകയെന്ന ലക്ഷ്യത്തോടെ ടൂൾ ആൻഡ് ഡൈമേക്കിങ് എൻജിനീയറിങ്, മാനുഫാക്ചറിങ് ടെക്നോളജി എന്നീ ദീർഘകാല കോഴ്സുകളും മറ്റു ചില ഹ്രസ്വകാല കോഴ്സുകളും ആരംഭിച്ചു.
എ.ഐ.സി.ടിയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അംഗീകരിച്ച നാലുവർഷ കോഴ്സുകളിലേക്ക് പ്രതിവർഷം 120 കുട്ടികൾക്കാണ് പ്രവേശനം നൽകിയിരുന്നത്. വ്യവസായ സാങ്കേതികവിദ്യ സംയോജിപ്പിച്ച് നടത്തുന്ന ഏക പോളി ടെക്നിക്കാണിത്. വിദ്യാർഥികളുടെ പഠനാവശ്യത്തിലേക്ക് തയാറാക്കിയ മെഷീനുകൾ ഉൽപാദന മേഖലക്കും പ്രയോജനപ്പെടും.
30 ഓളം പരമ്പരാഗത മെഷിനറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വി.എസ്.എസ്.സി, എൽ.പി.എസ്.സി, ഭെൽ, ബാർക്ക് തുടങ്ങിയ സ്ഥാപനങ്ങൾക്ക് സങ്കീർണമായ യന്ത്രഭാഗങ്ങൾ നിർമിച്ചുനൽകി വരുമാനം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
വ്യവസായ മന്ത്രി ചെയർമാനായും വകുപ്പ് സെക്രട്ടറി വൈസ് ചെയർമാനുമായുള്ള ചാരിറ്റബിൾ സൊസൈറ്റിക്കാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല. കെൽട്രാക്കിന്റെ പോളിടെക്നിക്കിൽ ഇൻഡസ്ട്രിയൽ മേഖലയിൽ അധ്യാപകർ ഉൾപ്പെടെ അറുപതോളം ജീവനക്കാർ തുടക്കത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.ഇപ്പോൾ 36 ജീവനക്കാർ മാത്രമാണുള്ളത്. വർഷത്തിൽ 120 വിദ്യാർഥികൾ പ്രകാരം മൂന്നു ബാച്ചിലായി 360 വിദ്യാർഥികൾ പഠിക്കേണ്ട സ്ഥാപനത്തിന് സ്ഥിരം ഡയറക്ടറില്ലാത്തതാണ് വലിയ പ്രതിസന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.