അരൂർ: ഒരുകോടിയിലധികം രൂപ ചെലവിൽ നിർമിച്ച ഗ്രാമപഞ്ചായത്ത് പാർക്ക് പ്രവേശിക്കാൻപോലും കഴിയാത്ത തരത്തിൽ തകർന്ന നിലയിൽ. അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേർന്ന് അരൂർ ക്ഷേത്രം കവലയിൽ തുടങ്ങിയതാണ് മാനവീയം വേദിയും ചേർന്നുള്ള പാർക്കും. അറ്റകുറ്റപ്പണി നടത്താതെ കുട്ടികളുടെ കളിയുപകരണങ്ങൾ നശിച്ചു. നോക്കാൻ ആളില്ലാതെ ഇരിപ്പിടങ്ങൾ കേടായി. പാർക്കും വേദിയും അനാകർഷകമാണ്. സമീപത്തുള്ള ജപ്പാൻ കുടിവെള്ളത്തിന്റെ കൂറ്റൻ ജലസംഭരണിയിലേക്ക് പൈപ്പുകൾ എത്തിക്കാൻ പാർക്കിലെ ടൈലുകൾ അടുത്തിടെ പൊളിച്ചു മാറ്റിയിരുന്നു. ഇതോടെ പാർക്കിലേക്ക് സന്ദർശകർക്ക് കയറാൻ കഴിയാത്ത അവസ്ഥയായി. പൈപ്പിന്റെ പണികൾക്ക് ശേഷം ടൈൽസ് നിരത്തി പാർക്ക് ശരിയാക്കിയെങ്കിലും കളിയുപകരണങ്ങൾ നശിച്ചും ഇരിപ്പിടങ്ങൾ കേടായും കിടക്കുന്ന പാർക്ക് സന്ദർശകർ ഉപേക്ഷിച്ചിരിക്കുകയാണ്.
പഞ്ചായത്തുവക പൊതുകുളമായ എരിയകുളം സംരക്ഷിക്കാൻ നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലംകൂടിയാണ് കുളത്തിനോട് ചേർന്ന പൊതുഇടം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണംമൂലം ദേശീയപാതയിൽ നടക്കാൻകൂടി കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർക്ക് ആശ്വാസമായിരുന്നു മാനവീയം വേദി.
വേദിയും പാർക്കും സംരക്ഷിക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. ഗുണനിലവാരമുള്ള കളിയുപകരണങ്ങൾ സ്ഥാപിച്ചും പൂച്ചെടികൾ പിടിപ്പിച്ചും ചാരുബഞ്ചുകൾ സ്ഥാപിച്ചും പ്രഭാത-സായാഹ്ന സവാരിക്ക് സൗകര്യമൊരുക്കിയും പാർക്ക് സജീവമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.