അരൂർ : അരൂർ - തുറവൂർ ഉയരപ്പാത നിർമാണഭാഗമായി എരമല്ലൂർ കോസ്റ്റൽ കവലയിൽ ലോഞ്ചിങ് ഗ്യാന്ട്രിയുടെ റെയിലുകൾ സ്ഥാപിച്ചത് മൂലം എഴുപുന്ന റോഡിലും ദേശീയപാതയിലും വാഹനഗതാഗതം നിലച്ചു.വ്യാഴാഴ്ച രാവിലെ ആറോടെ ആന്ധ്രയിൽ നിന്ന് ചെമ്മീൻ കയറ്റിയ കവചിത ലോറിയാണ് എഴുപുന്ന റോഡിലേക്ക് പോകാൻ കഴിയാതെ റെയിലിൽ കുടുങ്ങിയത്. മുൻവശത്തെ ചക്രങ്ങൾ റെയിൽ ചാടിക്കടന്നെങ്കിലും പിന്നിലെ ചക്രങ്ങളും യന്ത്ര ഭാഗങ്ങളും റെയിലിൽ തട്ടി നിലച്ചു. ചക്രങ്ങൾ ഘടിപ്പിക്കുന്ന നട്ടുകൾ ഒടിഞ്ഞത് മൂലം ലോറിക്ക് മുന്നോട്ടും പിന്നോട്ടും നീങ്ങാൻ കഴിഞ്ഞില്ല. ദേശീയപാതയിൽ നിന്ന് എഴുപുന്ന റോഡിലേക്ക് മറ്റുവാഹനങ്ങൾക്ക് കടക്കാൻ കഴിയാതായതോടെ ദേശീയപാതയിലും ഗതാഗതക്കുരുക്ക് ആരംഭിച്ചു.
എഴുപുന്ന റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കടക്കാൻ ഒരുങ്ങിയ ടൂറിസ്റ്റ് ബസ് റെയിലിൽ കുടുങ്ങിയതോടെ എഴുപുന്ന റോഡിലൂടെ ദേശീയപാതയിലേക്കെത്തിയ മുഴുവൻ വാഹനങ്ങളും കുടുക്കിലായി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെ ദേശീയപാതയിൽ ആംബുലൻസ് വരെ മണിക്കൂറുകൾ കുടുങ്ങിക്കിടന്നു. എട്ടുമണി കഴിഞ്ഞതോടെ സ്കൂൾ കുട്ടികളുമായെത്തിയ നിരവധി വാഹനങ്ങളും ഗതാഗതക്കുരുക്കിൽ പെട്ടു. റെയിൽ കടക്കാനാവാതെ ആദ്യം കുടുങ്ങിയ വാഹനങ്ങളെ ക്രെയിൻ ഉപയോഗിച്ച് പൊക്കി മാറ്റിയെങ്കിലും ഗതാഗതക്കുരുക്കഴിക്കാൻ പിന്നെയും മണിക്കൂറുകൾ വേണ്ടിവന്നു. സ്കൂൾ സമയവും കഴിഞ്ഞാണ് കുട്ടികളുമായെത്തിയ ബസുകൾ പുറപ്പെട്ടത്. അരൂർ പൊലീസിന്റെ ഇടപെടലുണ്ടായെങ്കിലും ഫലപ്രദമായില്ല. എരമല്ലൂർ - എഴുപുന്ന റോഡ് ഗതാഗതക്കുരുക്കിലായതോടെ പിന്നീട് തുറവൂരിൽ നിന്നെത്തിയ ബസുകളും മറ്റ് വാഹനങ്ങളും എഴുപുന്ന വഴിയാണ് എറണാകുളത്തേക്ക് സഞ്ചരിച്ചത്.
എരമല്ലൂരിൽ ഗതാഗതം സാധാരണ നിലയിലാക്കാൻ മൂന്നര മണിക്കൂറെങ്കിലും വേണ്ടിവന്നെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു. ലോഞ്ചിങ് ഗ്യാൻട്രിയുടെ റെയിലുകൾ സ്ഥാപിക്കുന്നത് പല സ്ഥലങ്ങളിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ ഇത് സ്ഥാപിക്കുന്നതോടെ മാസങ്ങൾ കടകൾ പൂട്ടിയിടേണ്ടി വരും. ഇതിനു മുകളിലൂടെ കാൽനടയാത്ര പോലും അസാധ്യമാണ്. വീടുകളുടെ മുന്നിൽ റെയിലുകൾ സ്ഥാപിച്ചാൽ വാഹനങ്ങൾക്ക് വീടുകളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും തടസ്സമാകും. നാട്ടുകാരുടെ യാത്രാസൗകര്യങ്ങൾ കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. വലിയ വാഹനങ്ങളെ കടത്തരുതെന്ന് കർശന നിർദേശമുണ്ടെങ്കിലും വലിയ കണ്ടെയ്നറുകൾ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലേക്ക് കടന്നുവരുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ലോഞ്ചിങ് ഗ്യാൻട്രി എന്നാൽ...
ഉയരപ്പാതയുടെ കോൺക്രീറ്റ്ഗാർഡറുകൾ മുകളിലേക്ക് സ്ഥാപിക്കുന്നതിനുള്ള കൂറ്റൻ ക്രെയിനാണ് ലോഞ്ചിങ് ഗ്യാൻട്രി. ഇത് നിലത്ത് സ്ഥാപിച്ച റെയിലിലൂടെയാണ് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്. റെയിലുകൾ സ്ഥാപിക്കുമ്പോൾ അതിന്റെ മുകളിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഹംമ്പുപോലുള്ള സംവിധാനം ഉണ്ടാക്കണം. കഴിഞ്ഞ ദിവസം രാത്രിയോടെ മുന്നറിയിപ്പൊന്നുമില്ലാതെയാണ് റെയിലുകൾ സ്ഥാപിച്ചതെന്ന് പരിസരവാസികൾ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ റെയിലുകൾ സ്ഥാപിച്ച വിവരമറിയാതെയാണ് എഴുപുന്ന റോഡിലേക്ക് വാഹനങ്ങൾ കടന്നുവന്നത്. പൊലീസിന് പോലും റെയിലുകൾ സ്ഥാപിച്ച വിവരം അറിയില്ലായിരുന്നു. മുന്നറിയിപ്പുണ്ടായിരുന്നെങ്കിൽ എഴുപുന്ന റോഡ് ഒഴിവാക്കി ഗതാഗതം ക്രമീകരിക്കാൻ കഴിയുമായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.