അരൂർ: ഉയരപ്പാത നിർമാണ ഭാഗമായി ദേശീയപാതക്കരികിലെ തണൽ വൃക്ഷങ്ങൾ വെട്ടിമാറ്റിയിട്ടും തടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് ദുരിതമാകുന്നു. എരമല്ലൂർ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എതിർവശത്താണ് കൂറ്റൻ മരങ്ങൾ നിന്നിരുന്നത്. ഇവ കഴിഞ്ഞ ദിവസം വെട്ടിമാറ്റിയിരുന്നു. എന്നാൽ, ചില്ലകളും മറ്റും ദേശീയപാതക്കരികിൽ കിടക്കുന്നത് റോഡരികിലുള്ള കടകളിലേക്കും സ്ഥാപനങ്ങളിലേക്കും കടക്കുന്നതിന് തടസ്സമാകുകയാണ്.
കരാർ ഏറ്റെടുത്തവർ വലിയ തടികൾ മാത്രം കൊണ്ടുപോയതിനുശേഷം ചില്ലകൾ ഉപേക്ഷിക്കുകയാണ് പതിവെന്ന് പ്രദേശവാസികൾ പറയുന്നു. മറ്റു സ്ഥലങ്ങളിലും മരം വെട്ടിയവർ ഇത്തരത്തിൽ മരച്ചില്ലകൾ ഉപേക്ഷിക്കുന്നത് പതിവാണെന്നും പറയുന്നു. സഞ്ചാരത്തിന് അനവധി ദുർഘടങ്ങൾ ഇപ്പോൾ തന്നെ നിലവിലുള്ള റോഡരികിൽ ഇതുകൂടി ആകുമ്പോൾ കൂടുതൽ ദുരിതമാകുമെന്ന് നാട്ടുകാർ പറഞ്ഞു. കരാറുകാരൻ തടിയോടൊപ്പം അനുബന്ധ സാധനങ്ങളെല്ലാം കൊണ്ടുപോകാൻ തയാറായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് സമീപവാസികൾ പറഞ്ഞു.
ഇന്ത്യൻ കോഫി ഹൗസിനു സമീപത്തെ മരം മുറിച്ചപ്പോഴും മരച്ചില്ലകൾ കൊണ്ടുപോകാൻ തയാറാകാത്തത് മൂലം തീയിട്ട് നശിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.