അരൂർ: തുറവൂർ-അരൂർ ഉയരപ്പാത നിർമാണത്തിന്റെ അപാകത മൂലം ചന്തിരൂർ, അരൂർ മേഖലയിലെ പ്രദേശവാസികൾക്കും യാത്രക്കാർക്കും വിദ്യാർഥികൾക്കും ഉണ്ടാകുന്ന ദുരിതങ്ങൾക്കെതിരെ വൻ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.
സംയുക്ത റെസിഡന്റ്സ് അസോസിയേഷനും ചന്തിരൂർ ജനകീയ സമിതിയും നേതൃത്വം നൽകിയ ജനകീയ പ്രക്ഷോഭത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. ചന്തിരൂർ പഴയ പാലത്തിനു സമീപത്തുനിന്ന് ഫാ. ജോസഫ് കരിതോടത്ത് ഫ്ലാഗ് ഓഫ് ചെയ്ത റാലി ചന്തിരൂർ ഹൈസ്കൂളിന് സമീപം എത്തിച്ചേർന്ന് പ്രതിഷേധ സമ്മേളനം നടത്തി. പഴയ റോഡിലൂടെയാണ് പ്രകടനം നീങ്ങിയത്. അതിനാൽ ദേശീയപാതയിൽ ഗതാഗതം മുടങ്ങിയില്ല. സമ്മേളനം റിട്ട. ജഡ്ജി എം. ലീലാമണി ഉദ്ഘാടനം ചെയ്തു. മൗലികാവകാശങ്ങളിലൊന്നായ സഞ്ചാര സ്വാതന്ത്ര്യം അരൂർ, ചന്തിരൂർ മേഖലയിൽ തടഞ്ഞിരിക്കുന്നത് കാണേണ്ടത് സർക്കാറുകളാണെന്ന് ലീലാമണി പറഞ്ഞു.
എന്തൊക്കെ സഹിച്ചും വോട്ടു ചെയ്യേണ്ട സമയമാകുമ്പോൾ മറക്കുമെന്ന് അധികാരത്തിൽ ഇരിക്കുന്നവർക്ക് അറിയാം. അതുകൊണ്ടാണ് കഴുതകളെന്ന് ജനത്തെ വിളിക്കുന്നത്. എന്നാൽ, നമ്മൾ കഴുതകളല്ലെന്ന് തെളിയിക്കുകയാണ് ഈ പ്രതിഷേധം. ശാസ്ത്രീയമായി നിർമാണം നടത്തിയിരുന്നെങ്കിൽ ഇത്രയേറെ ദുരിതം സഹിക്കേണ്ടി വരില്ലായിരുന്നെന്ന് അവർ പറഞ്ഞു.
സമരസമിതി ചെയർമാൻ എം. ഉബൈദ് അധ്യക്ഷതവഹിച്ചു. നിർമാണം ശാസ്ത്രീയമായി നടത്താൻ പ്രക്ഷോഭം നയിക്കേണ്ടത് അരൂർ ഗ്രാമപഞ്ചായത്താണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. സമരത്തിന്റെ അടുത്ത ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ ജനജീവിതവും സ്തംഭിപ്പിച്ച് ഹർത്താൽ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സ്റ്റേറ്റ് കോഓഡിനേറ്റർ പി.ടി. ശ്രീകുമാർ, ജനപക്ഷം നേതാവ് ബെന്നി ജോസഫ്, മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജീവ്, ജനകീയ സമിതി ചെയർമാൻ വി.കെ. ഗൗരീശൻ, വി.പി. ഹമീദ്, ഫാ. ജോസഫ് കരിത്തേടത്, യു.സി. ഷാജി, സിബി കണ്ടോത്ത് തുടങ്ങിയവർ സംസാരിച്ചു.
അരൂർ: ഉയരപ്പാത നിർമാണ ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽനിന്ന് അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പിന്നോട്ടുപോയി. ഇത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. ഉയരപ്പാത നിർമാണ കരാറെടുത്ത അശോക് ബിൽഡ് കോൺ കമ്പനി പ്രതിനിധികൾ കഴിഞ്ഞ ദിവസം അരൂർ പഞ്ചായത്ത് ഓഫിസിലെത്തി പഞ്ചായത്ത് അംഗങ്ങളുമായി ചർച്ച നടത്തിയാണ് ജനപ്രതിനിധികളെ തണുപ്പിച്ചത്.
കലക്ടറേറ്റിൽ എത്തി കഴിഞ്ഞ ദിവസം ജനപ്രതിനിധികൾ ധർണ നടത്തിയിരുന്നു. സമരക്കാരെ ചേംബറിലേക്ക് വിളിപ്പിച്ച കലക്ടർ, നിർമാണ പ്രവർത്തനം തടയാൻ സമ്മതിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളക്കെട്ടും ചളിയും യാത്രാദുരിതവും അടക്കം വിവിധ വിഷയങ്ങൾ നിർമാണ കമ്പനി അധികൃതരുമായി വിശദമായി ചർച്ച ചെയ്തെന്നും പരിഹാരമാർഗങ്ങളും ചർച്ചയിൽ തീരുമാനമായെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പറയുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണിയുടെയും വൈസ് പ്രസിഡന്റ് ഇ.ഇ. ഇഷാദിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.കെ. മനോഹരൻ, പഞ്ചായത്ത് അംഗം സി.കെ. പുഷ്പൻ, കമ്പനി പ്രതിനിധികളായി ബി.ജി.എം ഓമനക്കുട്ടൻ നായർ, പ്രോജക്റ്റ് മാനേജർ ടി.എസ്. വേണുഗോപാൽ, കമേർഷ്യൽ മാനേജർ വി. സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
അരൂർ: ചന്തിരൂർ ജനകീയ സമിതി നേതൃത്വത്തിൽ ചന്തിരൂർ ഗവ. ഹൈസ്കൂളിനു മുന്നിൽ നടത്തിയ സമ്മേളനസമയത്ത് ദേശീയപാതയിലെ ഉയരപ്പാത നിർമാണം സമരക്കാർ നിർത്തിവെപ്പിച്ചു. പണിതടഞ്ഞാൽ കേസെടുക്കുമെന്ന് അരൂർ പൊലീസ് ആദ്യംതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങളുടെ ദുരിതത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ സമ്മേളന സ്ഥലത്ത് നിർമാണ പ്രവർത്തനത്തിന്റെ ശബ്ദം ഉയരുന്നത് തടയുമെന്ന് പ്രതിഷേധക്കാർ പൊലീസിനെ അറിയിച്ചു. സമ്മേളന വേദിക്ക് സമീപം നിർമാണം നിർത്താൻ നിർമാണ കമ്പനി തൊഴിലാളികളോട് സമരക്കാർ ആവശ്യപ്പെട്ടു. യന്ത്രങ്ങൾ ഓഫ് ചെയ്ത് സമ്മേളനക്കാരോട് സംസാരിക്കാൻ ജീവനക്കാർക്ക് തയാറായി.പ്രതിഷേധ സമ്മേളന സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.