അരൂർ: അരൂർ -തുറവൂർ ഉയരപ്പാത നിർമാണവും ബൈപാസ് ജങ്ഷനിലെ സിഗ്നൽ ലൈറ്റ് തകരാറും വൻ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം, പശ്ചിമകൊച്ചി എന്നീ ഭാഗങ്ങളിലേക്കും വൈറ്റില ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കും തിരിയുന്ന തിരക്കേറിയ സ്ഥലമാണ് അരൂർ ബൈപാസ് ജങ്ഷൻ. വാഹനമിടിച്ച് ട്രാഫിക് ലൈറ്റ് തകരാറിലായിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. എം.എൽ.എയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ ഹൈവേയിലെ സിഗ്നൽ ലൈറ്റുകൾ തകരാറിലായാൽ ഇനി നന്നാക്കേണ്ടതില്ലെന്നാണ് ദേശീയപാത അധികൃതരുടെ അറിയിപ്പെന്ന് പറയുന്നു.
അരൂർ - തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ബൈപാസ് ജങ്ഷൻ വരെ ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാലാണ് സിഗ്നൽലൈറ്റുകൾ നന്നാക്കാത്തത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുമില്ല. വാഹനങ്ങൾ തോന്നിയതുപോലെ സിഗ്നൽ കടക്കുന്നതുമൂലം അപകടങ്ങൾ പതിവായിട്ടുണ്ട്.
ഉയരപ്പാത നിർമാണം മൂലം ദേശീയപാതയിൽ ചന്തിരൂർ മുതൽ അരൂർ ബൈപാസ് വരെ വൻ ഗതാഗതക്കുരുക്കാണ്. രാവിലെ മുതൽ എറണാകുളം കൊച്ചി ഭാഗത്തേക്ക് അനവധി വാഹനങ്ങളാണ് യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി -സ്വകാര്യ ബസുകളും കണ്ടെയ്നർ ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങളും ആംബുലൻസുകളും വരെ മണിക്കൂറുകളാണ് കുരുങ്ങിക്കിടന്നത്. ഗതാഗതസ്തംഭനം ഉച്ചവരെ തുടർന്നാലും പൊലീസിന്റെ സേവനം ലഭ്യമാക്കാൻ അധികാരികൾ ഇടപെടില്ലെന്ന് പരാതിയുണ്ട്.
ദേശീയപാതയുടെ മീഡിയനും ഇരുവശം വരുന്ന റോഡിന്റെ പകുതിഭാഗവും നിർമാണ കമ്പനിയായ അശോകബിൽഡേഴ്സ് ഉയരപ്പാത നിർമാണത്തിന് വലിയ ഇരുമ്പ് ഷീറ്റ് െവച്ച് മറച്ചെടുത്തിരിക്കുകയാണ്. ബാക്കി പകുതി റോഡിലൂടെയാണ് ഗതാഗതം. ഇരുചക്രവാഹനങ്ങൾ അപകടകരമായ വിധത്തിലാണ് യാത്ര ചെയ്യുന്നത്. ദൂരയാത്ര പോകുന്ന ചെറിയ വാഹനങ്ങളെ അരൂക്കുറ്റി വഴി ചേർത്തല ഭാഗത്തേക്കും ആലപ്പുഴ ഭാഗത്ത് നിന്നെത്തുന്ന ചെറിയ വാഹനങ്ങൾ കുമ്പളങ്ങി റോഡിലൂടെ കൊച്ചി ഭാഗത്തേക്കും കടത്തിവിട്ട് പരീക്ഷണം നടത്തണമെന്ന് ആവശ്യം ശക്തമാണ്. വാഹനങ്ങളുടെ എണ്ണം ദേശീയപാതയിൽ കുറക്കാനും അതുവഴി ഗതാഗതക്കുരുക്ക് കുറക്കാനും വേണ്ടിയാണ് പുതിയ നിർദേശം.
ദേശീയപാതയിൽ വൺവേ ട്രാഫിക്ക് നിലവിലുണ്ടെങ്കിലും ഇരുചക്ര, മുച്ചക്രവാഹനങ്ങൾ ഇടതുവശം ചേർന്ന് മറികടക്കുന്നത് അപകടത്തിനിടയാക്കുന്നു. റോഡിന്റെ ടാർചെയ്ത ഭാഗം കഴിഞ്ഞ് ഒരു മീറ്റർ മെറ്റലിട്ട് ബലപ്പെടുത്തിയിട്ടുണ്ടെങ്കിലും രണ്ടുദിവസത്തെ തുടർച്ചയായ മഴ നിരവധി കുഴികളുണ്ട്. കുഴികളിൽ നിറഞ്ഞുനിൽക്കുന്ന വെള്ളം അപകടങ്ങൾക്ക് ഇടയാക്കുന്നു. മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും ശാശ്വത പരിഹാരത്തിന് മാർഗം തെളിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.