അരൂർ: അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാത താങ്ങി നിർത്താനുള്ള തൂണുകൾ നിർമിക്കുന്നതിന് വേണ്ടി ദേശീയപാതയുടെ മീഡിയനിൽനിന്ന് കുഴിച്ചെടുക്കുന്ന മണ്ണും ചെളിയും ദേശീയപാതയിലും സമീപ തോടുകളിലും ജലാശയങ്ങളിലും തള്ളുന്നതായി ആക്ഷേപം.
ഉയരപ്പാത നിർമാണത്തിന് വേണ്ടി ദേശീയപാതയുടെ മീഡിയൻ ഉൾപ്പെടെ ഇരുവശത്തും ദേശീയപാതയുടെ പകുതിയോളം മറച്ചുകെട്ടിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഉയരപ്പാതയുടെ തൂണുകൾ ഭൂമിയിൽ ആഴത്തിൽ സ്ഥാപിക്കുന്നതിനായി പുറന്തള്ളുന്ന രാസവസ്തുക്കൾ ചേർത്ത ചെളിയും മണ്ണും, വലിയ കുഴിയിൽ പ്രവൃത്തി നടക്കുന്നയിടത്തുതന്നെയാണ് സൂക്ഷിക്കുന്നത്. ഇത് ടാങ്കറിൽ നിറച്ച് തോടുകളിലും ജലാശയങ്ങളിലും തള്ളുകയാണ് പതിവ്.
ഇതിനിടയിൽ ശക്തമായ മഴ പെയ്യുകയാണെങ്കിൽ ചെളി സൂക്ഷിച്ചിരിക്കുന്ന കുഴി നിറഞ്ഞ് മാലിന്യം ദേശീയപാതയിൽ പടരും. പലപ്പോഴും ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നതിനും അപകടം ഉണ്ടാക്കുന്നതിനും കാരണമായിട്ടുണ്ട്. ടാങ്കർ ലോറികളിൽ പൊതുജലാശയങ്ങളിൽ തള്ളുന്ന ഡ്രഡ്ജിങ് മാലിന്യം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
കെമിക്കൽ അടങ്ങിയ ചളി തള്ളുന്നത് മൂലം ഒഴുക്കുനിലച്ച് ഓക്സിജൻ കടക്കാതെയും ജലജീവികൾ വളരാതെയും ജലാശയങ്ങൾ കട്ടപിടിച്ച അവസ്ഥയിലാവുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ഇക്കാര്യം പരിശോധിക്കാൻ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.