അരൂക്കുറ്റി: ഹൗസ്ബോട്ട് ടൂറിസത്തിെൻറ ഭാഗമായി നിർമാണം പൂർത്തിയാക്കിയ അരൂക്കുറ്റി ജെട്ടിയിൽ, വൈക്കം-എറണാകുളം അതിവേഗ ബോട്ട് സർവിസായ വേഗ 120ന് സ്റ്റോപ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ഹൗസ് ബോട്ടുകൾക്കായി ലക്ഷങ്ങൾ ചെലവാക്കി പൂർത്തീകരിച്ച ബോട്ട് ടെർമിനലിെൻറ ഉദ്ഘാടനം നീളുമ്പോഴാണ് ഈ ആവശ്യമെങ്കിലും നടപ്പാക്കാൻ ആവശ്യപ്പെടുന്നത്.
രണ്ടുകോടിയോടടുത്ത് ചെലവാക്കി നിർമിച്ച വേഗ 120െൻറ പ്രയോജനം ജനങ്ങൾക്ക് പൂർണമാകണമെങ്കിൽ ഇവിടെക്കൂടി ഇത് അടുക്കണം. പെരുമ്പളം സൗത്ത്, പാണാവള്ളി, തേവര ഫെറി എന്നിവിടങ്ങളിൽ മാത്രമേ നിലവിൽ വേഗക്ക് സ്റ്റോപ്പുള്ളൂ. കൂടുതൽ പ്രയോജനം ഉള്ള ഒന്നോ രണ്ടോ സ്ഥലത്ത് കൂടി സ്റ്റോപ് അനുവദിക്കാമെന്ന് വേഗ ആരംഭിച്ച സമയത്ത് അധികാരികൾ പറഞ്ഞിരുന്നതുമാണ്.
ഏറ്റവും കൂടുതൽ ബോട്ട് സർവിസ് ഉണ്ടായിരുന്ന മേഖലകളിലൊന്നായ അരൂക്കുറ്റിയിൽ സ്റ്റോപ് വേണമെന്ന ആവശ്യം വേഗ തുടങ്ങിയപ്പോൾ മുതൽ മുന്നോട്ട് വെച്ചെങ്കിലും പലകാരണങ്ങൾ പറഞ്ഞ് അധികാരികൾ ഒഴിഞ്ഞുമാറുകയായിരുന്നു. അരൂക്കുറ്റിയിൽ പാലം വന്നതോടെയും വാഹന സൗകര്യം കൂടിയതോടെയുമാണ് ജലഗതാഗത്തിൽനിന്ന് ജനങ്ങൾ പിന്നോട്ടുപോയത്.
അരൂക്കുറ്റിയിൽനിന്ന് 50 മിനിറ്റുകൊണ്ട് എറണാകുളത്ത് അന്ന് എത്താനാകുമായിരുന്നെങ്കിൽ, ഗതാഗതക്കുരുക്കുകൊണ്ട് മണിക്കൂറുകൾ എടുത്താലും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയുണ്ട്. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ ഇതുവരെ തുറക്കാത്തതിനു പുറമെ പാലാരിവട്ടം പാലം പൊളിക്കുകകൂടി ചെയ്താൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.
യാത്രാ ക്ഷീണം അനുഭവിക്കാതെ കായൽ ഭംഗി ആസ്വദിച്ച്, കുറഞ്ഞ സമയത്തിനുള്ളിൽ എറണാകുളത്ത് എത്താൻ ഏകമാർഗമെന്ന നിലയിൽ വേഗ ബോട്ടിന് സാധ്യത വർധിക്കുന്നുണ്ട്.
അരൂക്കുറ്റി: അരൂക്കുറ്റിയിൽ വേഗ ബോട്ട് അടുപ്പിക്കുന്നതിനുള്ള തടസ്സം നീക്കിയാൽ സ്റ്റോപ് അനുവദിക്കാൻ കഴിയുമെന്ന് എറണാകുളം ട്രാഫിക് സൂപ്രണ്ട് എം. സുജിത് 'മാധ്യമ'ത്തോട് പറഞ്ഞു.
ഇക്കാര്യം എ.എം. ആരിഫ് എം.പിയെയും അറിയിച്ചിരുന്നു. വർഷങ്ങളായി ഇവിടെ ബോട്ട് സർവിസ് ഇല്ലാതിരുന്നതിനാൽ എക്കൽ അടിഞ്ഞിട്ടുണ്ട്. നല്ല രീതിയിൽ ഡ്രഡ്ജിങ് നടന്നാലേ ഇത് പരിഹരിക്കാൻ കഴിയൂ. കെ.എസ്.ഇ.ബി ലൈൻ ജെട്ടിയോട് ചേർന്ന് താഴ്ന്ന് പോകുന്നതിനാൽ വേലിയേറ്റസമയത്ത് ഇവിടെ ബോട്ട് അടുപ്പിക്കാൻ തടസ്സമാകും. വൈദ്യുതി ലൈൻ ഇവിടെനിന്ന് മാറ്റുകയോ ഉയർത്തുകയോ വേണം.
ജെട്ടിയുടെ എതിർവശത്തെ ദ്വീപിലുള്ളവരുടെ കല്ലുകെട്ടുകൾ ബോട്ടിെൻറ വേഗം കാരണം ഇടിയുന്നു എന്ന പരാതിയുമുണ്ട്. അതിവേഗത്തിൽ സർവിസ് നടത്തിയാലേ ഈ സർവിസുകൊണ്ട് പ്രയോജനമുള്ളൂ. ട്രയൽ ഓട്ടത്തിൽ ഇതിനുള്ള തടസ്സം അനുഭവപ്പെട്ടതുകൊണ്ടാണ് അരൂക്കുറ്റിയിൽ സ്റ്റോപ് ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.