അരൂർ: അരൂരിലെ പൊക്കാളിപ്പാടങ്ങൾ കതിരുകാണാപാടങ്ങളായി മാറുന്നു. അന്താരാഷ്ട്ര വിപണിയിൽ സവിശേഷപ്രാധാന്യമുള്ള പൊക്കാളി അരി തരുന്ന നെൽകൃഷിയാണ് നാട് നീങ്ങുന്നത്. പട്ടണക്കാട്, തുറവൂർ, കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിൽ കടലിന് അധികം ദൂരമില്ലാത്ത കരിനിലങ്ങളിൽ പൊക്കാളി കൃഷി സമൃദ്ധമായി നടന്നിരുന്നു. വെള്ളത്തിൽ വിതച്ച് വെള്ളത്തിൽ വളർന്ന് വെള്ളത്തിൽ കൊയ്യുന്ന പൊക്കാളി കൃഷിക്കുള്ള നെൽവിത്തുകൾ അതിജീവന സ്വഭാവമുള്ള ചെട്ടിവിരിപ്പാണ്. വിതച്ച ഉടനെ വളരുന്ന നെൽ ചെടികൾക്ക് മുകളിൽ വെള്ളം വന്നാലും അതിജീവന സ്വഭാവമുള്ള നെൽച്ചെടി വെള്ളത്തിന് മുകളിലേക്ക് വളർന്നു കയറും. പൊക്കത്തിൽ ആളുന്നതുകൊണ്ടാണ് പൊക്കാളി എന്ന പേര് കിട്ടിയത്. പൊക്കാളിയെ നിലനിർത്താനും നെൽകൃഷി വികസിപ്പിക്കാനും പരിസ്ഥിതിവാദികൾ ഉൾപ്പെടെ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ടെങ്കിലും സർക്കാർ നെൽകൃഷി നിലനിർത്താൻ നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും കർഷകർ പിന്നോട്ടു പോകുകയാണ്.
നെൽകൃഷിക്ക് ബജറ്റിൽ വൻതുക അരൂർ ഗ്രാമപഞ്ചായത്ത് നീക്കി വെച്ചിട്ടുണ്ടെങ്കിലും കൃഷി നടക്കുന്നില്ല. സർക്കാർ നയമായ ഒരു മീനും ഒരു നെല്ലും പദ്ധതി നടപ്പാക്കാൻ കൃഷി വകുപ്പ് അധികൃതർ ശ്രമിക്കാറുണ്ടെങ്കിലും ഫലമില്ല. നെൽകൃഷി ചെയ്യാത്ത കർഷകർക്ക് മത്സ്യകൃഷി അനുവദിക്കില്ലെന്ന് ജില്ല കലക്ടർ കർശനനിർദേശം നൽകിയിട്ടും അരൂരിൽ നെൽകൃഷി നടക്കുന്നില്ല.
മുഴുവൻ സമയ മത്സ്യകൃഷിയാണ് കർഷകർക്ക് താൽപര്യം. അരൂർ തികച്ചും കാർഷിക മേഖലയായിരുന്നു. മുന്നൂറോളം ഏക്കർ പൊക്കാളി നിലങ്ങൾ അരൂരിൽ ഉണ്ടായിരുന്നു. ചെമ്മീൻ വ്യവസായത്തിന്റെ കടന്നുവരവ് കാർഷികമേഖലക്ക് വിരാമം കുറിച്ചെന്ന് പറയാം. കൃഷി ജോലികൾക്ക് ആളെ കിട്ടാത്തതാണ് കൃഷിയില്ലാതാകാൻ ഒരു കാരണം. അരൂരിൽ പൊക്കാളി കൃഷി നടത്തിയിരുന്ന രണ്ട് പ്രധാന പാടശേഖരങ്ങളാണ് നിലവിലുള്ളത്. കുമ്പഞ്ഞിയും, ഇളയപാടവും. ഇവിടെ കാൽനൂറ്റാണ്ട് മുമ്പ് വരെ സമൃദ്ധമായി നെൽകൃഷി നടന്നിരുന്നു. ഇടവേളകളിൽ മത്സ്യകൃഷിയും ഉണ്ടായിരുന്നു. ഇത്തവണയും അരൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ,കൃഷി ഓഫിസർ എന്നിവർ കർഷകരെ വിളിച്ചു കൂട്ടിയെങ്കിലും കൃഷിക്കുള്ള ഒരുക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
അരൂർ: നെൽകൃഷി അന്യമാകുന്ന അരൂർ ഗ്രാമപഞ്ചായത്തിൽ തന്നെ 1986 -ൽ തുടങ്ങിയ പൊക്കാളി നെൽകൃഷി ഇടതടവില്ലാതെ നടത്തുകയാണ് ചന്തിരൂരിൽ ശാന്തിഗിരി ജന്മഗൃഹാശ്രമം. ആശ്രമത്തിന്റെ മുന്നിലെ പത്തടി പാടത്താണ് ആശ്രമം നെൽകൃഷി നടത്തുന്നത്.
ഇവിടെ മത്സ്യകൃഷി ഇല്ല. എന്നാൽ, നെൽകൃഷി ഒഴിഞ്ഞ പാടത്തേക്ക് മത്സ്യങ്ങൾ യഥേഷ്ടം കടക്കുന്നതിനും പ്രജനനം നടത്തുന്നതിനും തടസ്സമില്ല. കാർഷിക കലണ്ടറിൽ പറയുന്ന പ്രകാരം മാർച്ച് 31ന് തന്നെ വെള്ളം വറ്റിച്ച് കൃഷിയിലേക്ക് കടക്കാൻ കഴിയും. ആദ്യകാലങ്ങളിൽ ഗുരു വിശ്വാസിയായ വെളുത്ത എന്ന കർഷക തൊഴിലാളിയായിരുന്നു നെൽകൃഷി കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത്. വെളുത്തയുടെ കാലശേഷം മകൻ ഉത്തമനാണ് കർത്തവ്യം ഏറ്റെടുത്തത്. നെൽകൃഷിയിൽ പരിചയവും പരിജ്ഞാനവും താൽപര്യവുമുള്ള വിശ്വാസികളാണ് കൃഷി വേലകൾ ചെയ്യുന്നത്. താലൂക്കിൽ ഇങ്ങനെയുള്ളവർ വളരെ പേരുണ്ടെന്നും, കൃഷി ഒരുക്കം മുതൽ അരി ആക്കുന്നത് വരെയുള്ള ജോലികൾ താൽപര്യപൂർവം ചെയ്യുന്നുണ്ടെന്നും ഉത്തമൻ പറഞ്ഞു.
ചെട്ടിവിരിപ്പ് വിത്തിനമാണ് വിതക്കുന്നത്. എല്ലാ വർഷവും നൂറുമേനിയാണ് വിളവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.